വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചു; വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് വിദ്യഭ്യാസ മന്ത്രി! ചോദ്യോത്തര സെഷന്റെ റെക്കോര്‍ഡിങ് ഡിലീറ്റ് ചെയ്യാനും നിര്‍ദേശം

മന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും വന്‍ വിവാദത്തിലേയ്ക്കാണ് വഴിവെച്ചിട്ടുള്ളത്.

മുംബൈ: മഹാരാഷ്ട്ര വിദ്യഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയോട് ചോദ്യം ഉന്നയിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചതായി പുതിയ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ചോദ്യോത്തര സെഷന്റെ റെക്കോര്‍ഡിങ് വിദ്യാര്‍ത്ഥിയോട് ഡിലീറ്റ് ചെയ്യാനും മന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. ഉന്നത വിദ്യാഭ്യാസത്തിന്റെ ചിലവ് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഉന്നത വിദ്യാഭ്യാസം നല്‍കുമോയെന്നായിരുന്നു അമരാവതിയിലെ കോളജിലുള്ള വിദ്യാര്‍ത്ഥികള്‍ താവ്ഡെയോടു ചോദിച്ചത്.

എന്നാല്‍ ‘പഠിക്കാന്‍ കഴിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ പോകട്ടേ’ എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഈ സംഭാഷണത്തിന്റെ റെക്കോര്‍ഡ് വിദ്യാര്‍ത്ഥിയോട് ഡിലീറ്റ് ചെയ്യാന്‍ താവ്ഡെ ആവശ്യപ്പെടുകയും ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

എന്നാല്‍ മന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും വന്‍ വിവാദത്തിലേയ്ക്കാണ് വഴിവെച്ചിട്ടുള്ളത്. വിവാദം പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്തു. ഇതോടെ മന്ത്രി ആകെ അങ്കലാപ്പിലായിരിക്കുകയാണ്. യുവസേന നേതാവ് ആദിത്യ താക്കറെ ട്വിറ്ററിലൂടെ സര്‍ക്കാറിനെ വിമര്‍ശിച്ചു. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ സങ്കീര്‍ണമായ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മന്ത്രി ശ്രമിക്കുകയാണെന്ന് താക്കറെ ആരോപിച്ചു.

Exit mobile version