രാഹുലിന് പെൺകുട്ടികളെ കിട്ടാഞ്ഞിട്ടാണോ? 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്? ഫ്‌ളൈയിങ് കിസ് വിവാദം കത്തിച്ച് കോൺഗ്രസിന്റെ വനിതാ എംഎൽഎ

ന്യൂഡൽഹി: ബിജെപി വനിതാ എംപിമാർ ഉന്നയിച്ച രാഹുൽ ഗാന്ധിയ്ക്കെതിരായ ഫ്‌ളൈയിങ് കിസ് വിവാദത്തിൽ മോശം പരാമർശം നടത്തി വനിതാകോൺഗ്രസ് എംഎൽഎ വെട്ടിൽ. ലോക്സഭയിലെ ഫ്ളൈയിങ് കിസ് ആരോപണം കത്തുന്നതിനിടെയാണ് ആരോപണം ഉന്നയിച്ച സ്മൃതി ഇറാനിയെ അപമാനിക്കുന്ന തരത്തിൽ ബിഹാറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ നീതു സിങ് പ്രതികരിച്ചത്.

രാഹുലിന് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ലെന്നും നിരവധി ചെറുപ്പക്കാരികളായ പെൺകുട്ടികൾ ഉള്ളപ്പോൾ രാഹുൽ എന്തിന് 50 വയസ് കഴിഞ്ഞവർക്ക് ഫ്‌ളൈയിങ് കിസ് കൊടുക്കണെ എന്നായിരുന്നു നീതു സിങിന്റെ പ്രതികരണം.

ഈ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ദുർനടപടികളെ പ്രതിരോധിക്കാൻ സ്ത്രീവിരുദ്ധ കോൺഗ്രസിനുള്ളിൽ തന്നെ ആളുകളുണ്ടെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.

നേരത്തെ, ഒരു ദേശീയ മാധ്യമത്തോടായിരുന്നു നീതുസിങിന്റെ വിവാദ പരാമർശം. ‘ഞങ്ങളുടെ നേതാവ് രാഹുലിന്റെ സംബന്ധിച്ചിടത്തോളം പെൺകുട്ടികൾക്ക് ക്ഷാമമൊന്നുമില്ല. അദ്ദേഹത്തിന് ഫ്ളൈയിങ് കിസ് കൊടുക്കണമെങ്കിൽ തന്നെ ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് കൊടുത്താൽ പോരെ. 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.’- എന്നാണ് നീതു സിങ് പറഞ്ഞത്.

അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങൾക്കുനേരെ ഫ്‌ളൈയിങ് കിസ്സ് ആഗ്യം കാട്ടിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. വിഷയത്തിൽ എൻഡിഎയുടെ 20 വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

Exit mobile version