മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി; ബലാത്സംഗം ചെയ്തു; കേന്ദ്രത്തിന്റെ നടപടി വീഡിയോ പ്രചരിച്ചതിന് എതിരെ; ട്വിറ്ററിനെതിരെ നടപടി വന്നേക്കും; വീഡിയോ നീക്കും

ന്യൂഡൽഹി: മണിപ്പൂരിൽ ആഭ്യന്തര കലാപം രൂക്ഷമായതിനിടെ രണ്ടുസ്ത്രീകളെ ഇതര സമുദായക്കാർ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവം രാജ്യത്തെ ഞെട്ടിക്കുന്നതിനിടെ നടപടി എടുത്ത് കേന്ദ്ര സർക്കാർ. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് സർക്കാർ നടപടി. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിലായി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കേന്ദ്രനടപടി ഉണ്ടായത്.

സംഭവത്തിന്റെ വീഡിയോ നീക്കം ചെയ്യാൻ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. വീഡിയോ വ്യാപകമായി പ്രചരിക്കാനിടയായതിൽ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, അക്രമികൾ സ്ത്രീകളെ ഉപദ്രവിക്കുന്ന വീഡിയോ ചർച്ചയായതിന് പിന്നാലെ രാജ്യവ്യാപകമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി ഒരു കൂട്ടം അക്രമികൾ റോഡിലൂടെ നടത്തിക്കുന്നതും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നത്. പിന്നീട് ഇവരെ സമീപത്തെ വയലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇവരെ പിന്നീട് കൊലപ്പെടുത്തിയെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ALSO READ- വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി; ഡ്രെസിങ് റൂം തകര്‍ത്തു; ബലമായി കീഴ്‌പ്പെടുത്തി പോലീസ്

അതേസമയം, സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഹെർദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഈ സ്ത്രീകളെ ആക്രമിച്ചത് മെയ്ത്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും കുക്കി ഗോത്രസംഘടനയായ ഐടിഎൽഎഫ് പറഞ്ഞു. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നതെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു.

Exit mobile version