മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ല; സഹായധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മയ്ക്ക് ദാരുണമരണം; ഞെട്ടൽ

ചെന്നൈ: കോള്ജിൽ പഠിക്കുന്ന മക്കളുടെ ഫീസടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് അപകടത്തിൽപെട്ട് മരിച്ചാലുള്ള സഹായധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മക്ക് ദാരുണ മരണം. സർക്കാറിൽ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ചാണ് തമിഴ്‌നാട് സേലത്തെ പാപ്പാത്തി (45)യെന്ന സ്ത്രീ ബസിന് മുന്നിലേക്ക് എടുത്തുചാടിയത്. പാപ്പാത്തി കലക്ടർ ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

വാഹനാപകടത്തിൽ മരിക്കുന്നവർക്ക് സർക്കാർ ആശ്വാസധനം നൽകുമെന്നാണ് ഇവർ ധരിച്ചിരുന്നത്. തുടർന്ന് മക്കൾക്ക് വേണ്ടി പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം നടത്തുകയും അപകടത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടു വരികയും ചെയ്തത്.

മകന്റെ കോളേജ് ഫീസിന് പഠനത്തിനുള്ള പണം കയ്യിലില്ലാത്തതിനാൽ പാപ്പാത്തി ഏറെ നാളായി മാനസിക പ്രയാസത്തിലായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. അപകടത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് സർക്കാറിൽ നിന്ന് ആശ്വാസധനം ലഭിക്കുമെന്ന് പാപ്പാത്തിയോ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു ഇതാണ് ഇവരെ കൊണ്ട് ദാരുണമായ പ്രവർത്തി ചെയ്യിപ്പിച്ചത്.

പാപ്പാത്തി സംഭവദിവസം ആദ്യം ഒരു ബസിന് മുന്നിൽ ചാടാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബൈക്ക് ഇടിച്ച് ഇവർക്ക് ചെറുതായി പരിക്കേറ്റു. ഇതിന് പിന്നാലെ മിനിറ്റുകൾക്ക് ശേഷമാണ് അടുത്ത ബസിന് മുന്നിൽ ഇവർ ചാടിയതും മരണം സംഭവിച്ചതും.

ALSO READ- ജോലി കിട്ടി ആദ്യ ദിനത്തിൽ പതിനായിരം കൈക്കൂലി ആവശ്യപ്പെട്ടു; അസിസ്റ്റന്റ് രജിസ്ട്രാർ അറസ്റ്റിൽ

പാപ്പാത്തി റോഡരികിലൂടെ നടക്കുന്നതിന്റെയും ബസിനുമുന്നിൽ ചാടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ പാപ്പാത്തി 18 വർഷമായി മകനും മകളും അടങ്ങിയ കുടുംബത്തെ സ്വന്തമായി അധ്വാനിച്ചാണ് പോറ്റിയിരുന്നത്.

ജൂൺ 28നാണ് പാപ്പാത്തി അപകടത്തിൽ മരിച്ചത്. തുടർന്ന് പാപ്പിത്തിയെ ഇടിച്ച ബസിലെ ജീവനക്കാർക്ക് എതിരെ കേസെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നെന്ന് കണ്ടെത്തിയത്.

മകന് വേണ്ടി 45,000 രൂപയാണ് ഫീസടക്കാനുണ്ടായിരുന്നത്. എന്നാൽ 10,000 രൂപയായിരുന്നു പാപ്പാത്തിയുടെ മാസ വേതനം. മകൾ അവസാന വർഷ എൻജിനീയറിങ്ങിനും മകൻ സ്വകാര്യ കോളജിൽ ആർകിടെക്ചർ ഡിപ്ലോമ കോഴ്‌സിനും പഠിക്കുകയാണ്.

പാപ്പാത്തി ജോലി ചെയ്തും പലയിടത്തുനിന്നും കടം വാങ്ങിയുമാണ് മക്കളെ പഠിപ്പിച്ചിരുന്നത്. ബസപകടത്തിൽ മരിച്ചാൽ ബസ് കമ്പനിയോ സർക്കാറോ നഷ്ടപരിഹാരം നൽകുമെന്ന് പാപ്പാത്തിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പോലീസും വെളിപ്പെടുത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Exit mobile version