ജീവിതത്തിലെ സ്വദേശ് നിമിഷം! നിർധനയായ വയോധികയുടെ വീട്ടിൽ വൈദ്യുതി എത്തിച്ച സന്തോഷവുമായി ഐപിഎസ് ഉദ്യോഗസ്ഥ; വൈറലായി പോസ്റ്റ്

ലക്‌നൗ: വീട്ടിൽ തനിച്ച് താമസിക്കുന്ന നിർധനയായ വയോധികയുടെ വീട്ടിൽ വൈദ്യുതി എത്തിച്ചു നൽകി പോലീസ് ഉദ്യോഗസ്ഥർ. വയോധികയുടെ വീട്ടിൽ വൈദ്യുതിയെത്തിച്ച സന്തോഷം വനിതാ ഐപിഎസ് ഓഫിസർ പങ്കിട്ടതോടെ സോഷ്യൽമീഡിയയിലും വാർത്ത വൈറലായി.

കാത്തിരിപ്പുകൾക്ക് ഒടുവിൽ വീട്ടിൽ വൈദ്യുതിവെളിച്ചം വന്നപ്പോൾ എഴുപതു വയസ്സുകാരിയായ ഗൃഹനാഥ സന്തോഷിക്കുന്ന ദൃശ്യങ്ങളാണ് അനുകൃതി ശർമ ഐപിഎസ് ട്വിറ്ററിൽ പങ്കിട്ടത്. ആ ചിരി തന്റെ ‘സ്വദേശ് നിമിഷമാണെന്ന്’ അനുകൃതി കുറിച്ചു. പ്രശസ്ത സിനിമ ‘സ്വദേശിനെ’ അനുസ്മരിച്ചായിരുന്നു അനുകൃതിയുടെ കുറിപ്പ്.

യുപിയിലെ ബുലന്ദ്ഷഹർ ജില്ലയിലെ നൂർജഹാന്റെ (70) വീട്ടിലാണ് പോലീസിന്റെ ഇടപെടലിൽ വൈദ്യുതിയെത്തിയത്. അനുകൃതി ബുലന്ദ്ഷഹറിൽ അഡിഷനൽ എസ്പിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇവരുടെ വൈദ്യുതിയില്ലാത്ത വിഷമം ശ്രദ്ധയിൽപ്പെട്ടത്.

ALSO READ- പിതാവിന്റെ ലോട്ടറി കടയിൽ നിന്നും എടുത്ത ടിക്കറ്റിന് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; അരൂരിലെ താരങ്ങളായി അഗസ്റ്റിനും ആഷ്‌ലിയും

”എന്റെ ജീവിതത്തിലെ സ്വദേശ് നിമിഷം. നൂർജഹാൻ ആന്റിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ കിട്ടിയത് അക്ഷരാർഥത്തിൽ അവരുടെ ജീവിതത്തിൽ വെളിച്ചം വന്നതുപോലെയാണ്. അവരുടെ മുഖത്തെ ചിരി വളരെയേറെ സംതൃപ്തി പകരുന്നു. എല്ലാവരുടെയും പിന്തുണയ്ക്കു നന്ദി”- ട്വിറ്ററിൽ അനുകൃതി ശർമ കുറിച്ചു.

ഭർത്താവ് മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കായിരുന്നു നൂർജഹാനെന്ന ഈ വയോധിക താമസിച്ചിരുന്നത്. ഏകമകളെ വിവാഹം ചെയ്തയച്ചു. പിന്നീട് ചുറ്റും വൈദ്യുതി എത്തിയിട്ടും തന്റെ വീട്ടിൽ വൈദ്യുതി കണക്ഷന് എത്തിയില്ലെന്നും സഹായിക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ചപ്പോൾ പോലീസ് തന്നെ ഇടപെട്ട് വൈദ്യുതി എത്തിക്കുകയായിരുന്നു.വൈദ്യുതി കണക്ഷനൊപ്പം പോലീസ് ഫണ്ടിൽനിന്ന് ഫാനും ബൾബും വാങ്ങി നൽകുകയും ചെയ്തു.

Exit mobile version