കൂട്ടുകാരിയോട് മോശമായി പെരുമാറുന്നത് തടഞ്ഞു; 19കാരനായ വിദ്യാർത്ഥിയെ കോളേജിന് പുറത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തി

ന്യൂഡൽഹി: സഹപാഠിയായ പെൺകുട്ടിയോട് മറ്റൊരു വിദ്യാർഥി മോശമായി പെരുമാറുന്നത് എതിർത്തതിന്റെ പകയിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു. ഡൽഹി സർവകലാശാലയിലെ 19കാരനായ വിദ്യാർഥിയെയാണ് കുത്തിക്കൊന്നത്. സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളജിന് പുറത്ത് വെച്ചായിരുന്നു കൊലപാതകം.

സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ഒന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ നിഖിൽ ചൗഹാൻ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ബൈക്കിലെത്തിയ സംഘം യുവാവിന്റെ നെഞ്ചിൽ കുത്തുന്നതിന്റെ ദൃശ്യങ്ങൾ കോളേജിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

പ്രതികൾ രണ്ടു സ്‌കൂട്ടറുകളിലും ഒരു ബൈക്കിലുമായി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ മറ്റ് വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരാഴ്ച മുൻപാണ് സഹപാഠിയായ പെൺകുട്ടിയോട് മറ്റൊരു സഹപാഠി മോശമായി പെരുമാറിയത്. ഇത് നിഖിൽ എതിർത്തിരുന്നു. ഇതോടെ പ്രതിക്ക് വൈരാഗ്യം ഉണ്ടാവുകയും പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.

പ്രതിയും മറ്റു മൂന്ന് കൂട്ടാളികളും ചേർന്ന് കോളജ് ഗേറ്റിന് പുറത്തുവച്ച് നിഖിലിനെ തടഞ്ഞുനിർത്തി നെഞ്ചിൽ കത്തികുത്തിയിറക്കുകയായിരുന്നു. ഡൽഹി പശ്ചിമ വിഹാർ സ്വദേശിനിയായ നിഖിൽ പഠനത്തിനൊപ്പം പാർട് ടൈമായി മോഡലിങ്ങും ചെയ്തിരുന്നു.

ALSO READ- വിവാഹവേദിയിൽ നിന്നും കായംകുളം പോലീസ് പിടിച്ചുകൊണ്ടുപോയ ആൽഫിയയെ അഖിലിനൊപ്പം വിട്ട് കോടതി; വിവാഹം നാളെ

മോഡലിങ്ങും അഭിനയവും ഏറെ ഇഷ്ടപ്പെട്ടിരുന്ന നിഖിൽ നഗരത്തിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സുഹൃത്തുക്കളെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ നിഖിൽ ക്രൂരമായി കുത്തേറ്റ് മരിച്ച വിവരമാണ് പിന്നീട് കുടുംബം അറിയുന്നത്. കോളജിൽ നടന്ന ദാരുണ സംഭവം ദൗർഭാഗ്യകരമെന്ന് ഡൽഹി സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

Exit mobile version