ദളിതർക്ക് ക്ഷേത്രത്തിൽ വിലക്ക്; ചർച്ചകൾ ഫലം കണ്ടില്ല;ക്ഷേതം അടച്ച് സീൽ ചെയ്ത് അധികൃതർ

വില്ലുപുരം: ക്ഷേത്ര പ്രവേശനത്തെ ചൊല്ലി സവർണ്ണ ജാതിക്കാരും ദലിതരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ മേൽപ്പാടിക്കടുത്തുള്ള ദ്രൗപതി അമ്മൻ ക്ഷേത്രം സീൽ ചെയ്തു. ക്രമസമാധാന പ്രശ്നങ്ങൾ ഭയന്ന് ബുധനാഴ്ചയാണ് ജില്ലാ ഉദ്യോഗസ്ഥർ ക്ഷേത്രം സീൽ ചെയ്തത്. ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഏപ്രിലിൽ ഉടലെടുത്ത തർക്കം സംഘർഷത്തിൽ എത്തിയതോടെയാണ് നടപടി.

പ്രശ്നപരിഹാരത്തിനായി ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാനായില്ല. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (HR&CE) വകുപ്പിന്റെ കീഴിലാണ് ദ്രൗപതി അമ്മൻ ക്ഷേത്രം പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ കഴിഞ്ഞ ഏപ്രിലിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു, ഇത് സവർണ്ണ ജാതിക്കാർ എതിർക്കുകയും, ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് തടയുകയുമായിരുന്നു.

ഇതേ തുടർന്ന് രണ്ട് സമുദായങ്ങളും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തെ തുടർന്ന് നാലോളം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നാലെ, കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് അധികൃതർ ക്ഷേത്രം സീൽ ചെയ്തത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ALSO READ- രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി ഇലക്ഷൻ കമ്മീഷൻ; വോട്ടിങ് മെഷീൻ പരിശോധന തുടങ്ങി

ജാതിമതഭേദമില്ലാതെ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലുപുരം എംപി ഡി രവികുമാറും മറ്റെല്ലാ പാർട്ടി നേതാക്കളും ജില്ലാ കലക്ടർ സി പളനിക്ക് തിങ്കളാഴ്ച നിവേദനം നൽകിയിരുന്നു.

Exit mobile version