പ്രധാനമന്ത്രി ഒഡിഷയിലേക്ക്: ട്രെയിന്‍ ദുരന്തസ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിക്കും

ഭുവനേശ്വര്‍: ഒഡിഷയില്‍ 280ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കും. ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെത്താനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. പരുക്കേറ്റവര്‍ കഴിയുന്ന കട്ടക്കിലെ ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്‍ സംവിധാനത്തിലെ അപാകതകളാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്.

അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് സിഗ്‌നല്‍ തകരാര്‍ മൂലം ഒഡിഷയില്‍ തന്നെ ട്രെയിന്‍ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്‍ നഷ്ടമായ ദാരുണ സംഭവവും നടന്നത്.

കോറമണ്ടല്‍ എക്‌സ്പ്രസ് ചെന്നൈയില്‍ നിന്ന് ഷാലിമാര്‍ വരെ സഞ്ചരിക്കുന്നത് ഏകദേശം 27 മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ടാണ് (1662 കിലോമീറ്റര്‍). അതായത് മണിക്കൂറില്‍ ഏകദേശം 130 കിലോമീറ്റര്‍ വേഗതയിലാണ് കോറമണ്ടല്‍ എക്‌സ്പ്രസ് സഞ്ചരിക്കേണ്ടത്. എന്നാല്‍ അപകട സമയത്ത് കോറമണ്ടല്‍ എക്‌സ്പ്രസിന് വേഗത കുറവായിരുന്നു. എന്നിരുന്നാലും 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട ട്രെയിന്‍ പോകുമ്പോഴുണ്ടാവേണ്ട ശ്രദ്ധ സിഗ്‌നലിങ്ങില്‍ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ആദ്യ അപകടത്തിന് ശേഷം 10 മിനിറ്റിനുള്ളില്‍ ഹൗറ എക്‌സ്പ്രസ് വന്നതുകൊണ്ടാണ് സിഗ്‌നലിങ്ങിന് വേണ്ടത്ര സമയം കിട്ടാത്തതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. മിന്നല്‍ വേഗത്തില്‍ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിക്കേണ്ട സമയത്താണ് ഈ അനാസ്ഥയുണ്ടായത് ഇന്ത്യന്‍ റെയില്‍വേയുടെ സിഗ്‌നലിംഗ് രീതികള്‍ കാളവണ്ടി യുഗത്തിലേതാണോ എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.

ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിന്‍ അപകട മേഖല സന്ദര്‍ശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Exit mobile version