ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 50 പേര്‍ക്ക് ദാരുണാന്ത്യം, 400 ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് ദാരുണാന്ത്യം. 400 ലേറെ പേര്‍ക്ക് പരുക്കേറ്റു. കോറമണ്ഡല്‍ എക്സ്പ്രസ്സ്, ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.

ബാലേശ്വര്‍ ജില്ലയിലെ ബഹാനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും (12841) ബെംഗളൂരു-ഹൗറഎക്‌സ്പ്രസും (12864 )മാണ് അപകടത്തില്‍പ്പെട്ട യാത്രാ തീവണ്ടികള്‍. ഇതുകൂടാതെ ഒരു ചരക്ക് തീവണ്ടിയും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി സ്ഥലെത്തി. 5 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. ചെന്നൈയിലും കണ്ട്രോള്‍ റൂം തുറന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് 2 ലക്ഷവും ധനസഹായം നല്‍കും.

പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിന്‍ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍- ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡല്‍ എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Exit mobile version