കമ്പത്തെ വിറപ്പിച്ച അരികൊമ്പൻ കാടുകയറി; മയക്കുവെടി വെയ്ക്കില്ല; 30 വരെ കമ്പത്ത് നിരോധനാജ്ഞ

കമ്പം: തമിഴ്നാട്ടിലെ കമ്പം പട്ടണത്തെ വിറപ്പിച്ച് പരാക്രമം കാട്ടിയ അരികൊമ്പൻ കാട്ടിലേക്ക് കടന്നതായി സിഗ്നൽ. കൂതനാച്ചി റിസർവ് വനത്തിലേക്കാണ് ആന പോയതെന്ന് ജിപിഎസ് സിഗ്നലുകൾ വ്യക്തമാക്കുന്നു. വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് അരിക്കൊമ്പന്റെ സ്ഥാനം ലഭിക്കുന്ന വിവരം.

കാട്ടാന കൂതനാച്ചിയിൽനിന്ന് ആന മേഘമലൈ കടുവാ സങ്കേതത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. എങ്കിലും ഭീതി ഒഴിയാത്തതിനാൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനായുള്ള പരിശോധന തുടരുകയാണ്. നിരീക്ഷണത്തിനായി വിഎച്ച്എഫ് ആന്റിന ഉൾപ്പെടെ എത്തിച്ചിട്ടുണ്ട്. ഫീൽഡ് ഡയറക്ടർ പദ്മാവതി, മയക്കുവെടി വിദഗ്ധൻ കലൈവാനൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കൂതനാച്ചിയിലെത്തിയിട്ടുണ്ട്.

അതേസമയം, ആന പരാക്രമി ആണെങ്കിലും നിയമവിരുദ്ധമായതിനാൽ കാട്ടിൽവെച്ച് മയക്കുവെടിവെയ്ക്കില്ല. അരിക്കൊമ്പൻ കാടിറങ്ങി വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയാൽ മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം പുനരാരംഭിക്കാനാണ് നിലവിലെ പദ്ധതി.

ALSO READ- കളിത്തോക്ക് ചൂണ്ടി വീട്ടുകാരെ ബന്ധികളാക്കി; 20 പവൻ സ്വർണാഭരണം കവർന്ന് പർദ്ദധാരികളായ കള്ളന്മാർ

ആന ഉൾകാട്ടിലേക്ക് തന്നെ നീങ്ങിയാൽ സംഘം ദൗത്യം ഉപേക്ഷിച്ച് മടങ്ങും. ഞായറാഴ്ച അതിരാവിലെ മുതൽ വനംവകുപ്പ് അരിക്കൊമ്പനായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് കമ്പത്തു നിന്നും മാറ്റുന്നതിനായി രണ്ട് കുങ്കിയാനകളെ സുരുളിപ്പട്ടി മേഖലയിൽ എത്തിച്ചിരുന്നു.

എന്നാൽ, മണിക്കൂറുകൾ നീണ്ട തിരച്ചിലിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. ഒടുവിൽ സാറ്റ്ലൈറ്റിൽനിന്നുള്ള സിഗ്നലാണ് ആന കൂതനാച്ചി റിസർവ് വനത്തിലേക്ക് കടന്നെന്ന് വ്യക്തമാക്കിയത്. അതേസമയം, കാട്ടാന ഭീതി ഒഴിഞ്ഞെങ്കിലും കമ്പത്ത് 30 വരെ നിരോധനാജ്ഞ തുടരുകയാണ്.

Exit mobile version