ശബരിമല വിമാനത്താവളം: ആധ്യാത്മിക വിനോദ സഞ്ചാരത്തിന് വലിയ വാര്‍ത്ത; സൈറ്റ് ക്ലിയറന്‍സിന്റെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ശബരിമല: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതില്‍ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആധ്യാത്മിക വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ വാര്‍ത്തയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പല ഘട്ടങ്ങളായുള്ള വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയ്ക്ക് സൈറ്റ് ക്ലിയറന്‍സ് നല്‍കുന്നതായുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തു.

കോട്ടയം ജില്ലയിലെ ചെറുവള്ളിയില്‍ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമാവാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. 2250 ഏക്കര്‍ സ്ഥലത്താണ് പുതിയ വിമാനത്താവളം വരിക.

പദ്ധതി നടപ്പിലായാല്‍ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ശബരിമലയിലേത്. തിരുവനന്തപുരത്തുനിന്ന് 138 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 113 കിലോമീറ്ററും. കോട്ടയത്തേക്കു 40 കിലോമീറ്ററാണുള്ളത്. 48 കിലോ മീറ്റര്‍ ദൂരമാണ് വിമാനത്താവളത്തില്‍ നിന്നും ശബരിമലയിലേക്കുള്ളത്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് പുറമേ സമീപ ജില്ലക്കാര്‍ക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ഇനി ലഭിക്കേണ്ടതുണ്ട്.

Exit mobile version