സ്ത്രീകൾ ദൈവമാണ്; നല്ല ശരീരത്തിൽ മോശമായ വസ്ത്രം ധരിച്ചാൽ ശൂർപ്പണഖയാണ്; വിവാദ പരാമർശവുമായി ബിജെപി നേതാവ് കൈലാഷ് വിജയ വർഗിയ

ഇൻഡോർ: സ്ത്രീകളുടെ വസ്ത്രധാരണത്തെയും സ്ത്രീകളെയും അപമാനിച്ച് ബിജെപി നേതാവ്. മോശം വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ രാമായണത്തിലെ രാവണന്റെ സഹോദരി ശൂർപ്പണഖയെപ്പോലെയാണെന്നാണ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ പറഞ്ഞത്. ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം.

‘സ്ത്രീകളെ ദൈവമായാണ് കാണുന്നത്. എന്നാൽ മോശപ്പെട്ട വസ്ത്രം ധരിക്കുന്നത് കണ്ടാൽ. അവർ ദേവിയല്ല, ശൂർപ്പണഖയാണ്. ദൈവം നിങ്ങൾക്ക് നല്ല ശരീരം നൽകിയിട്ടുണ്ട്. അതുകൊണ്ട് നല്ല വസ്ത്രം ധരിക്കൂ. ദയവായി നിങ്ങളുടെ കുട്ടികളെ ഇക്കാര്യം പഠിപ്പിക്കൂ’- എന്നാണ് കൈലാഷ് പഞ്ഞത്.

താൻ ഒരു ദിവസം രാത്രി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ലഹരിയിൽ മതിമറന്ന വിദ്യാസമ്പന്നരായ യുവാക്കളെ റോഡിൽ കണ്ടു. അന്ന് കാറിൽ നിന്നിറങ്ങി അവർക്ക് രണ്ടടി കൊടുക്കാനാണ് തോന്നിയതെന്നും കൈലാഷ് പറഞ്ഞു.

also read- മുലപ്പാലടക്കം നൽകാനാകുന്നില്ല; ഒന്നര വയസുകാരൻ മകൻ സിഡബ്ല്യുസിയുടെ പക്കൽ; പരാതിയുമായി 14കാരിയായ പോക്‌സോ അതിജീവിത

അതേസമയം, ബിജെപി നേതാക്കൾ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് സംഗീത ശർമ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിക്കുകയും ശൂർപ്പണഖയെന്ന് വിളിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ബിജെപി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

Exit mobile version