കോൺഗ്രസ് റാലിക്കിടെ ബസിൽ നിന്നും 500 രൂപ നോട്ടുകൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു; ഡികെ ശിവകുമാർ വിവാദത്തിൽ; രൂപയെ അപമാനിച്ചെന്ന് ബിജെപി

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച കർണാടകയിൽ പുതിയ വിവാദമായി മുതിർന്ന നേതാവ് ഡികെ ശിവകുമാറിന്റെ പ്രവർത്തി. കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡികെ ശിവകുമാർ പുതിയ വിവാദത്തിൽ. ശ്രീരംഗപട്ടണത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’യ്ക്കിടെ ശിവകുമാർ ബസിനു മുകളിൽനിന്ന് 500 രൂപ നോട്ടുകൾ ജനക്കൂട്ടത്തിലേക്ക് എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്.

മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിൽ വെച്ചാണ് സംഭവം. വാർത്താ ഏജൻസിയായ എഎൻഐയാണ് സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടത്. അതേസമയം, സ്ഥലത്തുണ്ടായിരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പണം എറിഞ്ഞതെന്നാണ് ഡികെ ശിവകുമാറിന്റെ മറുപടി.

ALSO READ- എന്റെ വീട് രാഹുൽ ഗാന്ധിയുടേയും; വസതി ഒഴിയാൻ നിർദേശം ലഭിച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബോർഡുമായി കോൺഗ്രസ് നേതാവ്

യാത്രയ്ക്കിടെ നിരവധി കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത കലാകാരന്മാർക്കു നേരെ ശിവകുമാർ ബസിനു മുകളിൽനിന്നു പണം എറിയുകയായിരുന്നു. ഈ വിഡിയോയാണ് പുറത്തുവന്നത്.

ഇതിനിടെ, വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അധികാരദുർവിനിയോഗം നടത്തുകയാണെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പ്രതികരിച്ചു. ഇന്ത്യൻ കറൻസിയെ അപമാനിക്കുക കൂടിയാണ് ശിവകുമാർ ചെയ്തിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ഒരു മേൽപ്പാലത്തിൽനിന്ന് നോട്ട്കെട്ടുകൾ വാരിയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തിരുന്നു. അതേ നടപടിയാണ് ശിവകുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും പ്രകാശ് കുറ്റപ്പെടുത്തി.

Exit mobile version