ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുത്: അധിക വൈദ്യുതി ആവശ്യം കല്‍ക്കരി പ്ലാന്റുകള്‍ നിറവേറ്റും

ന്യൂഡല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന കാരണത്താല്‍ സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്ന് കേന്ദ്രം അറിയിച്ചു.

ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുത്. രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കരുത് എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവേറ്റാന്‍ രാജ്യത്തെ എല്ലാ കല്‍ക്കരി വൈദ്യുതി പ്ലാന്റുകള്‍ 16 മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും എന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കല്‍ക്കരി സൂക്ഷിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കല്‍ക്കരി കൊണ്ടുപോകാനുള്ള റെയില്‍വേ റേക്കുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകരുതെന്നും ഇന്ത്യന്‍ റയില്‍വെയോട് നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചാല്‍ എന്‍ടിപിസിയുടെ ഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Exit mobile version