കിടപ്പാടം നഷ്ടപ്പെട്ടു, ജീവിക്കാന്‍ വഴിയില്ലാതെ ഹിറ്റുകളുടെ നിര്‍മ്മാതാവ്: സഹായ ഹസ്തവുമായി നടന്‍ സൂര്യ

ചെന്നൈ: ദുരിത ജീവിതത്തിലായ തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ്
വിഎ ദുരൈയ്ക്ക് സഹായ ഹസ്തവുമായി നടന്‍ സൂര്യ. കഴിഞ്ഞ ദിവസമാണ് ദുരെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണെന്ന് പറഞ്ഞ് വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൂര്യ സഹായ ഹസ്തവുമായി എത്തിയത്.

വളരെ മോശം ജീവിത സാഹചര്യങ്ങളിലൂടെയാണ് ദുരൈയുടെ ജീവിതം കടന്നുപോയിക്കൊണ്ടിരുന്നത്. സ്വന്തം കിടപ്പാടം പോലും നഷ്ടമായ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. കാലില്‍ പറ്റിയ മുറിവും അദ്ദേഹത്തെ തളര്‍ത്തി. ഒരു കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ ദുരൈയുടെ ഇപ്പോഴത്തെ അവസ്ഥ സുഹൃത്താണ് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ദുരൈയ്ക്ക് ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ സൂര്യ നല്‍കി. സൂര്യയും വിക്രമും പ്രധാന വേഷത്തിലെത്തിയ പിതാമകന്റെ നിര്‍മാതാവാണ് ദുരൈ. മെഗാഹിറ്റായ ചിത്രത്തിലെ പ്രകടനത്തിന് വിക്രമിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

ചിത്രത്തിന്റെ വിജയത്തേത്തുടര്‍ന്ന് 2003-ല്‍ പുതിയൊരു ചിത്രമൊരുക്കാന്‍ സംവിധായകന്‍ ബാലയ്ക്ക് ദുരൈ 25 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. എന്നാല്‍ ഈ ചിത്രം നടന്നില്ല. അഡ്വാന്‍സായി വാങ്ങിയ തുക ബാല തിരികെ നല്‍കിയിരുന്നുമില്ല. 2022ല്‍ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസില്‍ ചെന്ന് പ്രതിഷേധിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

നിര്‍മാതാവ് എഎം രത്‌നത്തിന്റെ സഹായിയായിരുന്നു മുമ്പ് ദുരൈ. രജനികാന്തിന്റെ ബാബ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പിന്നണിയില്‍ ദുരൈ ഉണ്ടായിരുന്നു. ബാബയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ദുരൈ. പിന്നീട് എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനി തുടങ്ങുകയായിരുന്നു. ഈ കമ്പനിയുടെ ബാനറില്‍ എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകന്‍, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്.

Exit mobile version