തമിഴ്നാട് പോലീസിന് പിന്തുണയുമായി നടന്‍ സൂര്യ:’കാവല്‍ കരങ്ങള്‍’ക്ക് ആറ് ലക്ഷം രൂപയുടെ വാഹനം നല്‍കി

ചെന്നൈ: തമിഴ്നാട് പോലീസ് വകുപ്പിന്റെ ‘കാവല്‍ കരങ്ങള്‍’ സംരംഭത്തിന് പിന്തുണയുമായി നടന്‍ സൂര്യ. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടൈന്‍മെന്റ് പോലീസ് വകുപ്പിന് ആറ് ലക്ഷം രൂപയുടെ വാഹനം കൈമാറി.

അശരണരും നിരാലംബരുമായ ആളുകള്‍ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് പോലീസ് ‘കാവല്‍ കരങ്ങള്‍’ എന്ന പദ്ധതി ആരംഭിച്ചത്. എന്‍ജിഒകളുമായി സഹകരിച്ച് ഈ സ്ഥാപനം തെരുവില്‍ കഴിയുന്ന ദുര്‍ബലര്‍ക്കും അശക്തര്‍ക്കും നിസ്സഹായര്‍ക്കും അഗതികള്‍ക്കും സഹായം നല്‍കും.

നടന്റെ പ്രൊഡക്ഷന്‍ ഹൗസ് നല്‍കുന്ന വാഹനം വീടില്ലാത്തവര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഉപയോഗിക്കുമെന്ന് സൂര്യയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗഗന്‍ ദീപ് സിംഗ്, ചെന്നൈ പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍, ശരണ്യ രാജശേഖര്‍ എന്നിവര്‍ ചേര്‍ന്ന് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു.

തന്റെ ആഗം ഫൗണ്ടേഷനിലൂടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഇതിനകം തന്നെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സൂര്യയ്ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.

Exit mobile version