പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അര്‍ജന്റീനയുടെ സര്‍പ്രൈസ് സമ്മാനം

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ലോക ഫുട്ബോള്‍ ജേതാക്കളായ അര്‍ജന്റീനയുടെ സര്‍പ്രൈസ് സമ്മാനം എത്തി. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പേരിലുള്ള ജഴ്സി അര്‍ജന്റീന ഊര്‍ജ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോണ്‍സാലസ് മോഡിക്ക് സമ്മാനിച്ചു.

ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യന്‍ എനര്‍ജി വീക്ക് പരിപാടിക്കിടെയാണ് ജഴ്സി കൈമാറിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും മെസി ജഴ്‌സി ലഭിച്ചിട്ടുണ്ട്. ലോകകപ്പ് വിജയത്തില്‍ പ്രധാനമന്ത്രി അര്‍ജന്റീനയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. ഏറ്റവും ആവേശകരമായ ഫുട്ബോള്‍ മത്സരമായി ഇത് ഓര്‍മിക്കപ്പെടുമെന്നാണ് ഫൈനലിനുശേഷം മോഡി ട്വീറ്റ് ചെയ്തത്.

‘ടൂര്‍ണമെന്റിലുടനീളം മികച്ച കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വരുന്ന അര്‍ജന്റീന-മെസി ആരാധകര്‍ ഈ ഗംഭീര വിജയത്തില്‍ ആനന്ദത്തിലാണ്.’-ട്വീറ്റില്‍ മോഡി കുറിച്ചു.

ലോകകപ്പ് വിജയത്തിനുശേഷം അടുത്തിടെയാണ് മെസി മാധ്യമങ്ങള്‍ക്കുമുന്നില്‍ മനസ് തുറന്നത്. ലോകകപ്പിനു തൊട്ടടുത്തുനില്‍ക്കണം, തൊടണം, ചുംബിക്കണമെന്നൊക്കെ കൊതിച്ചിരുന്നുവെന്നും അതു യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് പറയാനാകുന്നത് ഏറെ വൈകാരികാനുഭവമാണെന്നും താരം പ്രതികരിച്ചിരുന്നു.

Exit mobile version