ബിഹാറിൽ രണ്ട് മണിക്കൂറിനുള്ളിൽ കടിയേറ്റത് 70 പേർക്ക്; ജനങ്ങളുടെ സമാധാനം കെടുത്തി ഒരു തെരുവുനായ! തിരഞ്ഞ് ഇറങ്ങി പോലീസ്

പട്‌ന: ബിഹാറിലെ അറ നഗരത്തിൽ ജനങ്ങളുടെ സമാധാനം കെടുത്തി ഒരു തെരുവുനായയുടെ ആക്രമണം. രണ്ട് മണിക്കൂറിനുള്ളിൽ 70 പേരെയാണ് നായ ആക്രമിച്ചത്. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറ നഗരത്തിലെ ശിവ്ഗഞ്ച്. ഷിറ്റ്ല തോല, മഹാദേവ റോഡ്, സദർ ഹോസ്പിറ്റൽ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണം നടന്നത്.

ആക്രമണം ഏറി വന്നതോടെ പോലീസും മറ്റ് അധികൃതരും തെരുവുനായയെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരികയാണ്. തെരുവുനായ ശല്യത്തെ നിയന്ത്രിക്കാൻ നഗരത്തിലെ പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും പൊലീസ് പറയുന്നു. തെരുവ് നായ പരിക്കേൽപ്പിച്ച എൺപതിലധികം ആളുകളെ ചികിത്സിച്ചു.

രണ്ട് മണിക്കൂറിനുള്ളിലാണ് പരിക്കേറ്റ എല്ലാവരും ആശുപത്രിയിലെത്തിയത്. പരിക്കേറ്റവരിൽ 10-12 കുട്ടികളുണ്ട്. പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്, അറ ആശുപത്രിയിലെ ഡോക്ടർ കുമാർ അറിയിച്ചു. തെരുവുനായയുടെ ഭീഷണി മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാരും പറയുന്നു. തെരുവുനായകളെ പിടികൂടാനും വന്ധ്യംകരിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.

Exit mobile version