സ്ത്രീകളോട് ബഹുമാനമില്ല: ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു

ചെന്നൈ: തമിഴ്‌നാട് ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകളോടുള്ള ബഹുമാനക്കുറവാണ് തന്റെ രാജിക്ക് പിന്നിലെന്ന് ഗായത്രി തിങ്കളാഴ്ച വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് തന്റെ രാജിക്കാര്യം അറിയിച്ചത്. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഗായത്രി ചൂണ്ടിക്കാട്ടി.

‘തമിഴ്നാട് ബിജെപിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഞാന്‍ കഠിനമായ മനസ്സോടെ തീരുമാനിച്ചു. സ്ത്രീകള്‍ക്ക് തുല്യാവകാശവും ബഹുമാനവും നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പുറത്തുനിന്നുള്ള ആളായി ട്രോളപ്പെടുന്നതാണ് നല്ലത്’ഗായത്രി ട്വിറ്ററില്‍ കുറിച്ചു.


പാര്‍ട്ടിയുടെ കള്‍ച്ചറല്‍ വിംഗിന്റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ ഈയിടെയാണ് അണ്ണാമലൈ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്‌സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ആറു മാസത്തെക്കായിരുന്നു സസ്‌പെന്‍ഷന്‍.

അടുത്തിടെ ട്വിറ്ററിലൂടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗായത്രി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന തമിഴ് സംഗമം പരിപാടിയിലേക്ക് ഗായത്രിയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

Exit mobile version