ജനങ്ങള്‍ പ്രതീക്ഷിച്ച ചോദ്യങ്ങള്‍ക്കൊന്നും മോഡി ഉത്തരം നല്‍കിയില്ല!; വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എവിടെയെന്ന് നരേന്ദ്ര മോഡിയോട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താവിന്റെ വിമര്‍ശനം.

രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിച്ച ചോദ്യങ്ങള്‍ക്കൊന്നും മോഡി ഉത്തരം നല്‍കിയില്ല. റഫാല്‍ ഇടപാടുകളെ കുറിച്ചോ, കള്ളപ്പണത്തെക്കുറിച്ചോ, കൃഷിക്കാരുടെ കഷ്ടതകളേ കുറിച്ചോ, ഒന്നും മോഡി സംസാരിച്ചില്ല. മോഡിയുടെ അഭിമുഖം ഒരു പാരഡിയാണെന്നും, മോഡിയുടെ നുണകളില്‍ ഈ രാജ്യം ദുഖിക്കുകയാണെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

പുതുവര്‍ഷാരംഭ ദിനത്തില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിമുഖം നല്‍കിയിരുന്നു.മാധ്യമങ്ങളെ കാണാന്‍ തയാറാകാതിരുന്ന പ്രധാനമന്ത്രി ഏറെ നാളുകള്‍ക്ക് ശേഷമാണ് രാഷ്ട്രീയ കാര്യങ്ങള്‍ക്കടക്കം മറുപടി നല്‍കിക്കൊണ്ടുള്ള അഭിമുഖം നല്‍കിയത്.

Exit mobile version