തമിഴ്‌നാട് മന്ത്രിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാൻ കേരളത്തിൽ നിന്ന് ‘കൊമ്പന്മാർ’; എത്തിച്ചത് ഗജപൂജയ്‌ക്കെന്ന പേരിൽ

ചെന്നൈ: തമിഴ്‌നാട് മന്ത്രിയുടെ മകന്റെ കല്യാണം ഗംഭീരമാക്കുവാൻ ഗജരാജന്മാരെ എത്തിച്ചത് കേരളത്തിൽ നിന്ന്. സംഭവം വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി പി.മൂർത്തിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാനാണു കോട്ടയം ജില്ലയിൽ നിന്നുള്ള നാരായണൻകുട്ടി, സാധു എന്നീ ആനകളെ ഗജപൂജയ്‌ക്കെന്ന പേരിൽ മധുരയിലെത്തിച്ചത്.

സെപ്റ്റംബർ 30നു നടന്ന മന്ത്രിയുടെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രിയടക്കമുള്ള അതിഥികളെ സ്വീകരിക്കാൻ ഈ ആനകളെയാണ് നിർത്തിയത്. കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരമാണ് സംഭവം പുറംലോകം അറിഞ്ഞത്. വനം വകുപ്പു നൽകിയ മറുപടിയിൽ വിവാഹം നടന്ന തീയതിയിൽ കേരളത്തിൽ നിന്ന് ആനകളെ കൊണ്ടു വരാൻ അനുമതി നൽകിയിരുന്നെന്നും ഇതു മധുരയിൽ നടക്കുന്ന ഗജപൂജയിൽ പങ്കെടുപ്പിക്കാൻ മാത്രമാണ് വ്യക്തമാക്കിയിരുന്നത്.

പിന്നാലെയാണ് സത്യസ്ഥിതി പുറത്ത് വന്നത്. കേരളത്തിൽ നിന്നു പുറത്തേക്ക് കൊണ്ടു പോകുന്നതിനു മുൻപ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനകളെ പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. യാത്ര സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കിയിരുന്നതായി ആനകളുടെ ഉടമകളായ എം മധുവും പോത്തൻ വർഗീസും പറയുന്നു.

Exit mobile version