205 കിലോ ഉള്ളി വില്‍ക്കാന്‍ 415 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു: കര്‍ഷകന് കിട്ടിയത് വെറും 8.36 രൂപ

ബംഗളൂരു: 205 കിലോ വലിയ ഉള്ളി 415 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് വിറ്റ കര്‍ഷകന് ലഭിച്ചത് വെറും 8.36 രൂപ. കര്‍ണാടകയിലെ ഗഡഗില്‍ നിന്നുള്ള കര്‍ഷകനാണ് ദുരനുഭവം നേരിടേണ്ടിവന്നത്. 415 കിലോമീറ്റര്‍ സഞ്ചരിച്ച് ബംഗളൂരുവിലെത്തിച്ച 205 കിലോ ഉള്ളിക്ക് ലഭിച്ചത് വെറും 8.36 രൂപയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സംരംഭകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍ഷകന് ലഭിച്ച ബില്ലിന്റെ ഫോട്ടോ സഹിതമാണ് അര്‍ജുന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്.

ഉല്‍പ്പന്നങ്ങള്‍ക്ക് തുച്ഛമായ വില ലഭിക്കുമ്പോള്‍ കര്‍ഷകരുടെ ജീവിത നിലവാരം എങ്ങനെ ഉയരുമെന്നും പലരും ചോദിച്ചു. നവംബര്‍ 22നാണ് സംഭവം. ബില്‍ പ്രകാരം 205 കിലോ ഉള്ളിക്ക് ആകെ വിലയായി കിട്ടിയത് വെറും 410 രൂപയാണ്. മാത്രമല്ല, കയറ്റിറക്ക് കൂലിയായി 401 രൂപയും കൊടുക്കേണ്ടി വന്നു. ബാക്കി തുകയാണ് കര്‍ഷകന് കിട്ടിയിട്ടുള്ളത്.

Read Also: പൂവന്‍കോഴി ദിവസവും അഞ്ച് മണിക്ക് കൂകുന്നു: പരാതിയുമായി ഡോക്ടര്‍ പോലീസ് സ്റ്റേഷനില്‍


ഇങ്ങനെയാണോ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാറുകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഉള്ളിക്ക് ചില്ലറ വില്‍പനയില്‍ 50 രൂപ ഈടാക്കുമ്പോഴാണ് കര്‍ഷകന് തുച്ഛമായ വില ലഭിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു.

Exit mobile version