കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും പട്ടുസാരിയും: കര്‍ണാടക മന്ത്രി വിവാദത്തില്‍

ബംഗളൂരു: ദീപാവലി സമ്മാനമായി തദ്ദേശ ഭരണ ജനപ്രതിനിധികള്‍ക്ക് സ്വര്‍ണവും പണവും പട്ടുസാരിയും നല്‍കി കര്‍ണാടക മന്ത്രി. കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിങാണ് വില പിടിപ്പുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്ത് വിവാദത്തിലായിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ച് ആനന്ദിന്റെ വീട്ടില്‍ നടന്ന ലക്ഷ്മി പൂജയ്ക്കുള്ള ക്ഷണക്കത്തിനൊപ്പമായിരുന്നു ജനപ്രതിനിധികള്‍ക്ക് സ്വര്‍ണം, വെള്ളി, വസ്ത്രം, പണം, പട്ടുസാരി തുടങ്ങിയവ സമ്മാനിച്ചത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ, 144 ഗ്രാം സ്വര്‍ണം, ഒരു കിലോ വെള്ളി, ഒരു പട്ട് സാരി, ഒരു മുണ്ട്, ഡ്രൈ ഫ്രൂട്സ് ബോക്‌സ് എന്നിവ അടങ്ങിയ പെട്ടിയാണ് നല്‍കിയത്.

ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ ഉള്‍പ്പെട്ട പെട്ടി നല്‍കി. എന്നാല്‍ ഇവര്‍ക്ക് സ്വര്‍ണം നല്‍കിയില്ല. ക്ഷണക്കത്തും സമ്മാനങ്ങളും അടങ്ങിയ പെട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ആനന്ദിനെ പിന്തുണച്ച് അനുയായികള്‍ രംഗത്തെത്തി. എല്ലാ വര്‍ഷവും ആനന്ദ് ദീപാവലിക്ക് മണ്ഡലത്തിലെ ജനപ്രതിധികള്‍ക്ക് സമ്മാനം അയക്കാറുണ്ടെന്നും തിരഞ്ഞെടുപ്പല്ല കാരണമെന്നുമാണ് വിശദീകരണം.

Exit mobile version