‘ജിഹാദികള്‍ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ ഞങ്ങള്‍ക്ക് മൗനം പാലിക്കാനാവില്ല. മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരും’; കര്‍ണാടക മന്ത്രി

ബംഗളൂരു: മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് കര്‍ണാടക ടൂറിസം മന്ത്രി സിടി രവി. വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം കര്‍ണാടക കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ലവ് ജിഹാദിനെ നേരിടാന്‍ നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍പ്രദേശും ഹരിയാനയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടക മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

‘അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം കര്‍ണാടക കൊണ്ടുവരും. ജിഹാദികള്‍ ഞങ്ങളുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ ഞങ്ങള്‍ക്ക് മൗനം പാലിക്കാനാവില്ല. മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും കഠിനമായ ശിക്ഷ നേരിടേണ്ടിവരും’ എന്നാണ് മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. യുപിയില്‍ പോലീസ് സംരക്ഷണം തേടി നവദമ്പതികള്‍ ഹര്‍ജി നല്‍കിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഫരീദാബാദില്‍ 20 വയസസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലവ് ജിഹാദിനെ നേരിടാന്‍ നിയമം കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കിയത്.

Exit mobile version