തെരുവ് നായയുടെ ആക്രമണം, ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു; റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

നോയിഡ: ഏഴുമാസം പ്രായമായ കുഞ്ഞിന്റെ ജീവനെടുത്ത് തെരുവുനായ്. ഉത്തര്‍പ്രദേശിലെ നോയിഡ ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. തെരുവുനായയുടെ ആക്രമണത്തിന് പിന്നാലെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ചയായിരുന്നു സംഭവം.

നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ നിര്‍മാണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പണിയെടുക്കുന്നതിന് സമീപത്തായി കിടത്തിയതായിരുന്നു കുട്ടിയെ. ഇവിടെ അലഞ്ഞുനടക്കുന്ന നായയാണ് കുട്ടിയെ ആക്രമിച്ചത്.

തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി കടിയേറ്റ് കുട്ടിയുടെ കുടല്‍ പുറത്തുചാടിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സെക്ടര്‍ 100ലുള്ള ലോട്ടസ് ബോള്‍വാര്‍ഡ് സൊസൈറ്റിയിലെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെതെരുവുനായ ശല്യത്തിനെതിരെ അധികൃതര്‍ എത്രയും പെട്ടെന്ന് നടപടികള്‍ കൈക്കൊള്ളണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Exit mobile version