പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍; 1400 ഫാക്ടറികള്‍ക്ക് നോട്ടീസ്

ആന്ധ്രപ്രദേശ്, ഗുജറാത്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രക്കുകളെ തടഞ്ഞാല്‍ തന്നെ 60 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നാണ് തമിഴ്നാട് കരുതുന്നത്

പുതുവര്‍ഷത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പ്ലേറ്റുകള്‍,കപ്പ്,പ്ലാസ്റ്റിക് ഷീറ്റുകള്‍, പാക്കേജിംഗ് ഉത്പന്നങ്ങള്‍ എന്നിവ അടക്കമുള്ള 14 ഉത്പന്നങ്ങളുമായി സംസ്ഥാനത്തേക്കുള്ള 29 അതിര്‍ത്തികള്‍ കടന്നെത്തുന്ന ട്രക്കുകളെയാണ് സംസ്ഥാന മലിനീകരണ വകുപ്പ് തടയുക. വാണിജ്യ നികുതി വകുപ്പ്, സെയില്‍ ടാക്സ് വിഭാഗം എന്നിവരുമായി ചേര്‍ന്ന് ഉത്പന്നങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ട്രക്കുകളെ തടയുക.

രാജ്യത്ത് ആദ്യമായി പ്ലാസ്റ്റികിന് സമ്പൂര്‍ണ നിരോധനമേര്‍പ്പെടത്താനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞഏതാനും മാസങ്ങളായി വീടുകളിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നു.

കൂടാതെ ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ രാജ്യത്ത് തന്നെ പേരുകേട്ട ഈറോഡ്,സേലം,തിരൂപ്പൂര്‍ എന്നിവിടങ്ങളിലെ 1400 ഫാക്ടറികള്‍ക്ക് അടച്ച് പൂട്ടല്‍ നോട്ടീസും നല്‍കിയിരുന്നു.

ആന്ധ്രപ്രദേശ്, ഗുജറാത്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രക്കുകളെ തടഞ്ഞാല്‍ തന്നെ 60 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നാണ് തമിഴ്നാട് കരുതുന്നത്. അതിന്റെ ഭാഗമായിട്ടാണ് 29 ചെക്പോസ്റ്റുകളില്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പുനരുപയോഗത്തിന് സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂണ്‍ 25 ന് ഉത്തരവും വന്നു. എന്നാല്‍ പ്ലാസ്ററിക് നിര്‍മ്മാതാക്കള്‍ കോടതിയില്‍ പോവുകയും കോടതി ഉതരവ് റദ്ദാക്കാതിരിക്കുകുയും ചെയ്ത സാഹചര്യത്തലാണ് തമിഴ്നാട്ടില്‍ പുതുവര്‍ഷ ദിനം മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാവുന്നത്.

Exit mobile version