തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു; ചടങ്ങുകള്‍ക്കിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ‘മരിച്ച’ വയോധിക; അമ്പരപ്പ്

ചെന്നൈ: അമ്മയുടെ മൃതദേഹമാണെന്ന് കരുതി തീവണ്ടിതട്ടി മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തിയതിന് പിന്നാലെ ‘മരിച്ചയാള്‍’ തിരിച്ചെത്തി. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്ര (72) യുടെതാണെന്നു കരുതി തീവണ്ടി തട്ടി മരിച്ച വയോധികയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്.

ബുധനാഴ്ചയാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം വടിവേലുവും ബന്ധുക്കളും സംസ്‌കരിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം വ്യാഴാഴ്ച ചന്ദ്ര വീട്ടില്‍ തിരിച്ചെത്തി. ഇതോടെ മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു ചന്ദ്ര. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താത്തിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നീട് കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി അറിയിച്ചു.

അതിനിടയിലാണ് ഗുഡുവാഞ്ചേരിക്ക് സമീപം സബര്‍ബന്‍ തീവണ്ടിയിടിച്ച് വയോധിക മരിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ താംബരം റെയില്‍വേ പോലീസ് മൃതദേഹം ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും മൃതദേഹം തിരിച്ചറിയാനായി വടിവേലുവിനെ പോലീസ് വിളിച്ചു വരുത്തുകയുമായിരുന്നു.

വസ്ത്രത്തിന്റെ നിറത്തില്‍ നിന്നും മൃതദേഹം ചന്ദ്രയുടെതാണെന്നു കരുതി ഏറ്റുവാങ്ങി ബുധനാഴ്ച സംസ്‌കരിക്കുകയും ചെയ്തു. വ്യാഴാഴ്ച വീട്ടില്‍ മരണാനന്തരപൂജ നടക്കുന്നതിനിടെയാണ് വീട്ടുകാരെയും ബന്ധുക്കളെയും അമ്പരപ്പിച്ചുകൊണ്ട് ചന്ദ്ര തിരിച്ചെത്തിയത്.

also read- അഭിമുഖത്തിനിടെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു; ആക്രമിക്കാന്‍ ശ്രമിച്ചു; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അവതാരകയുടെ പരാതി

സമീപത്തെ ക്ഷേത്രത്തിന് പിന്നാലെ സമീപജില്ലകളിലെ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയതിനാലാണ് വീട്ടിലേക്കു വരാന്‍ വൈകിയതെന്ന് ചന്ദ്ര അവരെ അറിയിച്ചു. അതേസമയം, മരിച്ച സ്ത്രീയും അമ്മയും ഒരേ നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നതെന്നും തീവണ്ടിയ്ക്കടിയില്‍പ്പെട്ട സ്ത്രീയുടെ തല തിരിച്ചറിയാനാവാത്ത വിധം തകര്‍ന്നതിനാല്‍ അമ്മയാണെന്ന് ഊഹിക്കുകയായിരുന്നു എന്ന് വടിവേലു പറഞ്ഞു.

അതേസമയം, മരിച്ച ആള്‍ ആരാണെന്നു കണ്ടെത്തുന്നതിനായി അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.

Exit mobile version