ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയും ആരോഗ്യ സെക്രട്ടറിയും ഗൂഢാലോചന നടത്തി; നല്‍കിയത് മോശം ചികിത്സ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രിയും ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷന്റെ ആരോപണം. തുടര്‍ന്ന് ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയതെന്നും അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു.

ജസ്റ്റിസ് എ മുരുഗസ്വാമി കമ്മീഷനാണ് ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നത്. കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെതിരെ ചീഫ് സെക്രട്ടറിയായിരുന്ന പി രാമമോഹന റാവു നിലപാടെടുത്തുവെന്നും കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ജയലളിതയുടെ ആശുപത്രി വാസത്തെക്കുറിച്ച് ചീഫ് സെക്രട്ടറി പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണന്‍ പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിക്കുന്നതായി അപ്പോളോ ആശുപത്രി അധികൃതരും വ്യക്തമാക്കി.

Exit mobile version