സമ്പന്ന വീടുകളിൽ മോഷണം; പണം പാവങ്ങൾക്ക് വിതരണം ചെയ്യും; ഒടുവിൽ ‘കായംകുളം കൊച്ചുണ്ണി’ മോഡൽ കള്ളൻ പിടിയിൽ

ന്യൂഡൽഹി: അതിസമ്പന്നരുടെ വീടുകളിൽ മോഷണം നടത്തി പണം പാവപ്പെട്ടവർക്ക് ദാനം ചെയ്തിരുന്ന ഡൽഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ അറസ്റ്റിൽ. ധനികർ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളിൽ മോഷണം നടത്തുന്ന ലംബു എന്നറിയപ്പെടുന്ന വസീം അക്രം (27) ആണ് പിടിയിലായത്.

ഇയാൾ ഇരുപത്തിയഞ്ചോളം വരുന്ന കൊള്ളസംഘത്തിന്റെ നേതാവാണെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കുന്ന തുകയിൽനിന്ന് ഒരു ഭാഗം പാവപ്പെട്ടവർക്ക് നൽകുന്നതിനാൽ ഇയാൾക്ക് നിരവധി ആരാധകരും അനുയായികളുമുണ്ട്.

അക്കാരണത്താൽ തന്നെ, പോലീസ് വരികയാണെങ്കിൽ ഇയാൾക്ക് വളരെ എളുപ്പത്തിൽ വിവരം ലഭിച്ചിരുന്നു. മോഷണത്തിനുശേഷം പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയാണ് രീതി.

എന്നാൽ ഇയാൾക്കെതിരെ കൊലപാതകശ്രമം, കവർച്ച, ലൈംഗികപീഡനം തുടങ്ങി 160 കേസുകളാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു. വസീമിനെ പിടികൂടാനായി ഇൻസ്‌പെക്ടർ ശിവ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

also read- പാടത്ത് വെള്ളം തിരിച്ചുവിടുന്നതിനെ ചൊല്ലി തർക്കം; ഷൊർണൂരിൽ യുവ കർഷകൻ അടിയേറ്റ് മരിച്ചു

നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായത്. ഒടുവിൽ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വസീമിനെ കസ്റ്റഡിയിലെടുത്തത്. തോക്കും വെടിയുണ്ടകളും ഇയാളിൽനിന്നു പിടിച്ചെടുത്തെന്നും പോലീസ് അറിയിച്ചു.

Exit mobile version