സ്ത്രീകള്‍ പരിധിക്കുള്ളില്‍ നില്‍ക്കണം: സെക്‌സിന് നിര്‍ബന്ധിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴിലാളികളാണ്; വിവാദ പരാമര്‍ശവുമായി ‘ശക്തിമാന്‍’ ഹീറോ

മുംബൈ: ശക്തിമാനിലൂടെ ശ്രദ്ധേയനായ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. ഭീഷ്മം ഇന്റര്‍നാഷണല്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ലൈംഗികബന്ധത്തിന് പുരുഷന്‍മാരെ നിര്‍ബന്ധിക്കുന്ന സ്ത്രീകള്‍, സ്ത്രീകളല്ലെന്നും ലൈംഗികത്തൊഴിലാളികളാണ് എന്നുമായിരുന്നു മുകേഷിന്റെ പരാമര്‍ശം.
മാന്യമായ സമൂഹത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ അത്തരത്തില്‍ ഒരിക്കലും സംസാരിക്കില്ലെന്നും മുകേഷ് വീഡിയോയില്‍ പറയുന്നുണ്ട്. സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കണമെന്നും മുകേഷ് ഖന്ന പറയുന്നുണ്ട്. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഏതെങ്കിലും പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് അവനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ ഒരു പെണ്‍കുട്ടിയല്ല. ലൈംഗികത്തൊഴിലാളിയാണ്. കാരണം പരിഷ്‌കൃത സമൂഹത്തില്‍പ്പെട്ട ഒരു മാന്യയായ പെണ്‍കുട്ടി ഒരിക്കലും അത്തരം കാര്യങ്ങള്‍ പറയില്ല. സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ പുരുഷന്‍മാര്‍ ജാഗ്രത പാലിക്കണം, മുകേഷ് ഖന്ന പറയുന്നു.

സെക്സ് റാക്കറ്റുകള്‍ നടത്താനും ‘നിരപരാധികളായ പുരുഷന്മാരെ’ ബ്ലാക്ക് മെയില്‍ ചെയ്യാനും സ്ത്രീകള്‍ ശ്രമിക്കുന്നുണ്ടെന്നും തന്റെ പേഴ്സണല്‍ അക്കൗണ്ടുകളില്‍ ലൈംഗിക ചുവയോടെയും ലൈംഗികത വാഗ്ദാനം ചെയ്തും സന്ദേശങ്ങള്‍ എത്താറുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

സ്ത്രീകള്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നില്‍ക്കണമെന്നും പാരമ്പര്യങ്ങളെ മാനിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് സ്ത്രീകള്‍ പറഞ്ഞിരുന്ന ‘നോ’ ഇന്ന് പുരുഷന്മാരാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായതോടെ നിരവധി പേരാണ് മുകേഷ് ഖന്നയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version