‘ശക്തിമാന്‍’ വീണ്ടും വരുന്നു; ഇത്തവണ ബിഗ് സ്‌ക്രീനിലേക്ക്

രാജ്യത്തെ ടെലിവിഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കഥാപാത്രം ശക്തിമാന്‍ തിരിച്ചെത്തുന്നു. സൂപ്പര്‍ മാന്‍, ഫാന്റം, സ്പൈഡര്‍ മാന്‍ പോലെ തൊണ്ണൂറുകളിലെ കുട്ടികളുടെ ഹീറോ ആയിരുന്നു ശക്തിമാന്‍. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്കാണ് ശക്തിമാന്‍ തിരിച്ചെത്തുന്നത്. ശക്തിമാനായി മിനിസ്‌ക്രീനില്‍ എത്തിയ നടന്‍ മുകേഷ് ഖന്ന തന്നെയാണ് ശക്തിമാന്‍ തിരിച്ചു വരുന്നുവെന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

‘ശക്തിമാന്‍ പുനര്‍ജനിക്കുന്നു എന്ന് ലോകത്തെ അറിയിക്കേണ്ട സമയമായി. അതെ, സുഹൃത്തുക്കളേ ഉടന്‍ തന്നെ ശക്തിമാന്‍ 2 ആയി ഞാന്‍ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ടിവി ചാനലിലോ, ഒടിടിയിലോ അല്ല, മറിച്ച് മൂന്ന് സിനിമകളായാണ് എത്തുക’ എന്നാണ് മുകേഷ് ഖന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും വലിയ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

62 വയസുകാരനായ മുകേഷിന്റെ ശക്തിമാനായുള്ള തിരിച്ചുവരവില്‍ എന്തൊക്കെ അത്ഭുതങ്ങളാവും ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 1997 മുതല്‍ 2005 വരെ 520 എപ്പിസോഡുകളിലായി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ ടെലിവിഷനിലും പിന്നീട് ആനിമേഷന്‍ രൂപത്തില്‍ എത്തിയും തരംഗം സൃഷ്ടിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ തന്നെ ഇപ്പോഴും ശക്തിമാന്‍ ആയിട്ടാണ് കാണുന്നതെന്നും മുകേഷ് ഖന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Exit mobile version