‘ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്’! കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടില്ല: പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി നടന്‍ മുകേഷ് ഖന്ന

മുംബൈ: തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തളളി ശക്തിമാന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ മുകേഷ് ഖന്ന. ‘ശക്തിമാന്‍’ മരണപ്പെട്ടു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.

എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ മരിച്ചിട്ടില്ലെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ ആണ് തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും ആരോഗ്യവാനാണെന്നും മുകേഷ് വ്യക്തമാക്കിയത്.

‘നിങ്ങളുടെ അനുഗ്രഹം കൊണ്ട് ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്, സുരക്ഷിതനാണ്. എനിക്ക് കോവിഡ് 19 ഇല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമില്ല. ആരാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതെന്ന് അറിയില്ല. അതിനുപിന്നിലെ ഉദ്ദേശ്യം എന്തെന്നും അറിയില്ല.’ അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

ഇത്തരം തെറ്റായ പ്രവൃത്തികൾ അതിരുവിടുന്നുവെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.ശക്തിമാനിലൂടെയും പിന്നീട് മാഹാഭാരതത്തിലെ ഭീഷ്മ എന്ന കഥാപാത്രത്തിലൂടെയുമാണ് മുകേഷ് ഖന്ന ശ്രദ്ധിക്കപ്പെടുന്നത്. രാജാധിരാജ എന്ന മലയാളചിത്രത്തിലും താരം വേഷമിട്ടിരുന്നു.

Exit mobile version