ഈ മെഡല്‍ കുഞ്ഞ് കബീറിനും സിയാനും! വളരെ നന്നായി കളിച്ചു, അഭിമാനിക്കുന്നെന്ന് ദിനേഷ് കാര്‍ത്തിക്

മുംബൈ: ‘നീ വളരെ നന്നായി കളിച്ചു, നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’-കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ വെങ്കലം നേടിയപ്പോള്‍ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദിനേശ് കാര്‍ത്തിക് അഭിമാനത്തോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച വരികളാണ്.

ഇരട്ടക്കുട്ടികളായ കബീറിന്റെയും സിയാന്റെയും അമ്മയായി പത്തു മാസം പോലും പൂര്‍ത്തിയാകും മുമ്പാണ് ബെര്‍മിങ്ഹാമില്‍ ദീപിക മത്സരത്തിനെത്തിയത്. അതുകൊണ്ടുതന്നെയാണ് ഭാര്യയെക്കുറിച്ചോര്‍ത്ത് കാര്‍ത്തിക് അഭിമാനിക്കുന്നത്.

കാര്‍ത്തിക്കിന്റെ താളംതെറ്റിയ കുടുംബ ജീവിതത്തിലേക്ക് ഒരു മാലാഖയെപ്പോലെ കടന്നുവന്നളാണ് ദീപിക. ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന്റെ വിഷാദത്തിലും ഇതോടെ പതുക്കെ കാര്‍ത്തിക് തന്റെ പ്രൊഫഷണല്‍ കരിയറിലും തിരിച്ചുവരാനൊരുങ്ങി. സമീപകാലത്ത് ത്രില്ലര്‍ ഫിനിഷിങ്ങുകള്‍ കണ്ട് കായികപ്രേമികളുടെ ഹൃദയത്തിലിടം നേടി. അതിന്റെ ക്രെഡിറ്റിന്റെ ഒരു ഭാഗം ദീപികയ്ക്കു കൂടി അവകാശപ്പെട്ടതാണ്.

ഭര്‍ത്താവിന്റെ ആത്മവിശ്വാസമായി അവള്‍ നിലകൊണ്ടു. അതുപോലെ ഗര്‍ഭിണിയായ ശേഷം കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ദീപികയുടെ തിരിച്ചുവരവിന് കൈത്താങ്ങായി കാര്‍ത്തിക്കും ഒപ്പംനിന്നു. ഇതോടെ ഇരട്ടക്കുട്ടികളുടെ അമ്മയായിരിക്കെ തന്നെ കളിക്കളത്തില്‍ വിസ്മയ വിജയങ്ങള്‍ അവള്‍ക്കൊപ്പം നിന്നു.

അമ്മയായി ആറു മാസം പോലും പൂര്‍ത്തിയാകുന്നതിനുമുമ്പേ തന്നെ ലോകചാമ്പ്യന്‍ഷിപ്പിനായി ദീപിക കളിക്കളത്തില്‍ തിരിച്ചെത്തിയിരുന്നു.സൗരവ് ഘോഷാലിനൊപ്പം മിക്സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ദീപിക നേരത്തേ ഗ്ലാസ്‌കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണമാണ് നേടിയത്.

”അമ്മയായ എനിക്ക് കളിക്കളത്തില്‍ പഴയ ഫോമില്‍ കളിക്കാനാകില്ലെന്നാണ് പലരും പറഞ്ഞത്. അതൊക്കെ അവരുടെ മാത്രം വിശ്വാസമായിരുന്നു. കാലിലെ പരിക്കുമൂലം ഏറെ വിഷമിച്ച ഞാന്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌ക്വാഷിന്റെ ലോകത്തേക്കു തിരിച്ചെത്തിയത്. ഭര്‍ത്താവ്, മക്കള്‍, കുടുംബം ഇതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്.

എന്നാല്‍, ഇതൊക്കെ വന്നുചേരുമ്പോഴും സ്വന്തം സ്വപ്നങ്ങളെയും കരിയറിനെയും കൈവിടാതിരിക്കാനും ശ്രദ്ധിക്കണം. അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും നമ്മുടെ സ്വപ്നങ്ങള്‍ തീവ്രമാണെങ്കില്‍ അതിലേക്കുതന്നെ നമ്മള്‍ തിരിച്ചെത്തും.’ ദീപിക പറഞ്ഞിരുന്നു.

Exit mobile version