ഭാര്യയുടെ അവിഹിതബന്ധം അറിയേണ്ടി വന്ന ഹതഭാഗ്യന്‍: അപമാനത്താല്‍ സുദ്വീര്‍ഘമായ കരിയറില്‍ നിന്നും പിന്‍വാങ്ങി; രണ്ടാംവിവാഹത്തിലൂടെ ഫീനിക്‌സ് പക്ഷിയായ് ഉഗ്രന്‍ തിരിച്ചുവരവ്; ദിനേശ് കാര്‍ത്തികിന്റെയും ദീപികയുടെയും ജീവിതകഥ വൈറല്‍

മുംബൈ: തന്റെ ക്രിക്കറ്റ് കരിയറിലെ സ്വപ്നതുല്യമായ ഫോമിലൂടെ കടന്നുപോകുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദിനേഷ് കാര്‍ത്തിക്ക്. ഐപിഎല്‍ 15-ാം സീസണില്‍ എതിര്‍ ടീമുകള്‍ ഏറ്റവും കൂടുതല്‍ പേടിയ്ക്കുന്ന താരങ്ങളില്‍ ഒരാളും കാര്‍ത്തിക്കാണ്.

ധോണി എന്ന ഫിനിഷര്‍ വിരമിച്ചതോടെ ഇന്ത്യന്‍ ടീമില്‍ ആ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. പ്രത്യേകിച്ചും ടി20 മത്സരങ്ങളില്‍. കഴിഞ്ഞ ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഈ റോളിലേക്ക് എത്തുമെന്ന് സ്വയം പ്രഖ്യാപിച്ചെങ്കിലും കളിക്കളത്തില്‍ ഒന്നും പ്രകടമായില്ല. ഈ വര്‍ഷം വീണ്ടുമൊരു ടി 20 ലോകകപ്പിന് അരങ്ങൊരുങ്ങവെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ ഫിനിഷര്‍ സ്ഥാനം തന്നെയാണ്. എന്നാല്‍ ഐപിഎല്ലിലെ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം ഇന്ത്യയുടെ ഈ ആശങ്കകള്‍ക്ക് ആശ്വാസമാകുന്നതാണ്..

ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം കാര്‍ത്തിക്ക് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിക്കെതിരായ മത്സര ശേഷം സംസാരിക്കുമ്പോഴാണ് കാര്‍ത്തിക്ക് ഇക്കാര്യം പറഞ്ഞത്. ”എനിക്ക് ഒരു വലിയ ലക്ഷ്യമുണ്ട്, അത് ഞാന്‍ സമ്മതിക്കുന്നു. അതിനായി ഞാന്‍ കഠിനമായി പ്രവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തിനായി വിശേഷപ്പെട്ടത് എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് എന്റെ ആ യാത്രയുടെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്.”- കാര്‍ത്തിക്ക് പറഞ്ഞിരുന്നു.

കാര്‍ത്തിക്ക് വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുന്ന കാര്‍ത്തിന്റെ ജീവിതത്തെക്കുറിച്ച്. ജീവിതത്തിലെ രണ്ടാം ഇന്നിങ്ങ്സിനു കരുത്തായ രണ്ടാം ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനെക്കുറിച്ച്..ഇംഗ്ലീഷ് ആര്‍ട്ടിക്കലിനെ ആസ്പദമാക്കി ജയറാം ഗോപിനാഥ് കുറിച്ചിട്ട കുറിപ്പാണ് വൈറലാകുന്നത്..

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്‌നിക്ക്, തന്റെ സഹപ്രവര്‍ത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാല്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവര്‍ക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താന്‍ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങള്‍ക്ക് എത്രയോ തവണ അയാള്‍ പാത്രമായിട്ടുണ്ടാവാം. തന്റെ പത്‌നി ഗര്‍ഭിണിയാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛന്‍ തന്റെ സഹപ്രവര്‍ത്തകനാണെന്നും പത്‌നിയുടെ വായില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോര്‍ത്തു നോക്കിക്കേ.

ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണല്‍ ലൈഫിലും, പേഴ്‌സണല്‍ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യന്‍. അയാളുടെ പേര് ദിനേശ് കാര്‍ത്തിക് എന്നാണ്.

DK യുടെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്‌നാട് രഞ്ജി ടീമിലെ സഹകളിക്കാരന്‍. ആദ്യം മുരളി വിജയ്, DK യുടെ പത്‌നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്‌നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍സി. ചെന്നൈയ്ക്കു ഒരു IPL ടീം ഉണ്ടായപ്പോള്‍, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി.

പേഴ്സണല്‍ ലൈഫിലും, പ്രൊഫഷണല്‍ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളര്‍ന്നു അന്തര്‍ധാനം ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചിരുന്നിരിക്കാം. താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേര്‍വഴിയിലേക്ക് നയിക്കാന്‍, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാന്റ്ററിനെ പോലെ, ആന്‍ഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കല്‍ .

ഇന്ത്യയുടെ നാഷണല്‍ സ്‌ക്വാഷ് പ്ലയെര്‍. ദീപികയുടെ പ്രചോദനത്താല്‍, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി, ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലില്‍ എന്നെന്നും ഓര്‍മ്മിക്കാനൊരു ഇന്നിങ്‌സ് കളിച്ചു. 2019 ലെ ODI വേള്‍സ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

എന്നാല്‍ പ്രായവും, IPL ലെ ഫോമും DK യ്ക്ക് എതിരായിരുന്നു. ധോണിയുടെ പിന്‍ഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളര്‍ച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകള്‍ കൊട്ടിയടച്ചു.
അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം, കളിക്കളത്തില്‍ തിരികെയെത്തി 2002 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണങ്ങള്‍ നേടി, അസാധ്യമായതൊന്നുമില്ലെന്ന് അവര്‍ അയാള്‍ക്ക് കാണിച്ചു കൊടുത്തു.

ദീപശിഖയില്‍ നിന്ന് പകര്‍ന്നു കിട്ടിയ അഗ്‌നിനാളം പോലെ ദീപികയുടെ നേട്ടം അയാളില്‍ ഒരു ഉല്‍പ്രേരകമായി വര്‍ത്തിച്ചു. അഞ്ചര കോടി രൂപയ്ക്കു തന്നെ സ്വന്തമാക്കിയ RCB യ്ക്ക് വേണ്ടി അയാള്‍ കായ്കല്‍പ്പം ചെയ്ത് ജരാനരകള്‍ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു. ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാള്‍ RCB യുടെ ചുവപ്പും കറുപ്പും കലര്‍ന്ന ജഴ്‌സിയില്‍ ക്രീസില്‍ താണ്ടവമാടിയപ്പോള്‍, ഏത് ലക്ഷ്യവും അയാള്‍ക്ക് മുന്‍പില്‍ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി. ഓസ്‌ട്രേലിയിലേക്ക് പറക്കുന്ന ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഫിനിഷറായി തന്റെ പേര് അയാള്‍ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്.

അയാള്‍ക്ക് പ്രചോദനമായി, കരുത്തായി ദീപിക കൂടെ തന്നെയുണ്ട്. പഴമൊഴി പറയുന്നതുപോലെ, വിജയിച്ച പുരുഷന്റെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നില്‍ക്കുന്ന സ്ത്രീയായിട്ട്.

Exit mobile version