ഭർത്താവിനൊപ്പം എത്തിയ യുവതിയെ ബീച്ചിൽ കാണാതായി; തിരച്ചിലിനായി ചെലവഴിച്ചത് ഒരു കോടി രൂപ; ഒടുവിൽ യുവതി കാമുകനൊപ്പം ബംഗളൂരുവിൽ ‘പൊങ്ങി’!

ഹൈദരാബാദ്: രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനെത്തിയ യുവതിയെ ബീച്ചിൽ വെച്ച് കാണാതായതോടെ തിരയിൽപ്പെട്ടെന്ന നിഗമനത്തിൽ മൂന്നുദിവസത്തോളം തിരഞ്ഞവരെ ഞെട്ടിച്ച് യുവതി. വിശാഖപട്ടണത്തെ ബീച്ചിൽ നിന്നും കാണാതായ യുവതിയുടെ തിരോധാനത്തിന് തിരശീല വീണത് ബംഗളൂരിവിൽ. ഭർത്താവിനൊപ്പം ബീച്ചിലെത്തിയ യുവതി ആരും കാണാതെ കാമുകനോടൊപ്പം കടക്കുകയായിരുന്നു. വശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ. സായ് പ്രിയ(21)യാണ് മൂന്നുദിവസം ജനങ്ങളേയും ബന്ധുക്കളേയും മുൾമനയിൽ നിർത്തിയത്. പിന്നീട് സായ് പ്രിയ കഴിഞ്ഞദിവസം കാമുകനൊപ്പം വിശാഖപട്ടണത്ത് തിരിച്ചെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് വിശാഖപട്ടണത്തെ ആർ.കെ. ബീച്ചിൽനിന്ന് സായ് പ്രിയയെ കാണാതായത്. യുവതിയെ കാണാതായതോടെ ആശങ്കയിലായ ഭർത്താവ് സമീപത്തുള്ളവരെ സഹായത്തിനായി ആശ്രയിക്കുകയായിരുന്നു. യുവതി തിരയിൽപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ മൂന്നുദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും ഉൾപ്പെടെയുള്ളവർ കടലിൽ തിരച്ചിൽ നടത്തിയത്.

ഇതിനിടെ യുവതി തന്നെയാണ് ബംഗളൂരുവിലുണ്ടെന്ന വിവരം മാതാപിതാക്കളെ അറിയിച്ചത്. താൻ സുരക്ഷിതയാണെന്നും കാമുകനൊപ്പം ബെംഗളൂരുവിലുണ്ടെന്നുമായിരുന്നു യുവതിയുടെ സന്ദേശം. തിരച്ചിൽ നടക്കുന്നതിനിടെയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി മാതാപിതാക്കൾക്ക് സന്ദേശം അയച്ചത്. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായത്. പിന്നീട്, യുവതിയും കാമുകനും തിരികെവരികയായിരുന്നു.

രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക് ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കെടുത്തു. ഏകദേശം 72 മണിക്കൂറോളമാണ് യുവതിക്ക് വേണ്ടി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കടലിൽ തിരച്ചിൽ നടത്തിയത്. ഈ രക്ഷാദൗത്യത്തിനായി ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ട്.

ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25-നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനായാണ് ഇരുവരും ആർകെ ബീച്ചിൽ എത്തിയത്. എന്നാൽ ഇവിടെയെത്തി മിനിറ്റുകൾക്കുള്ളിൽ സായ് പ്രിയയെ കാണാതാവുകയായിരുന്നു. അത്രനേരം അവിടെ ഉണ്ടായിരുന്ന യുവതിയെ പെട്ടെന്ന് കാണാതായതോടെയാണ് യുവതി തിരയിൽപ്പെട്ടിരിക്കുമെന്നു എല്ലാവരും കരുതിയത്. പോലീസും അധികൃതരും സ്ഥലത്തേക്ക് കുതിച്ചെത്തുകയും യുവതിക്കായി കടലിൽ തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു.

ALSO READ- എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങൾക്ക് എന്നേക്കാൾ കൂടുതൽ പ്രതിഫലമുണ്ട്; അത് ശരിയല്ലെന്ന് തുറന്നടിച്ച് അപർണ ബാലമുരളി

ഇതിനിടെ സായ് പ്രിയ മാതാപിതാക്കൾക്ക് സന്ദേശം അയച്ചതോടെ മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ നിർത്തിയത്. സായ് പ്രിയയും കാമുകനും തമ്മിൽ സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മാതാപിതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version