കനത്തമഴ: 8000 കോടി ചെലവിട്ട് നിര്‍മ്മാണം; ഒരാഴ്ച തികയും മുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ് ഹൈവേ തകര്‍ന്നു

ലഖ്‌നൗ: ഒരാഴ്ച മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ് ഹൈവേ തകര്‍ന്നു. ബുന്ദേല്‍ഘട്ട് എക്‌സ്പ്രസ് ഹൈവേയുടെ ഭാഗങ്ങളാണ് കനത്ത മഴയില്‍ തകര്‍ന്നത്. ജൂലൈ 16നാണ് ബുന്ദേല്‍ഘട്ട് നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 8000 കോടി ചെലവിലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങള്‍ കേടുപാടായി. ഏഴ് ജില്ലകളിലൂടെ പിന്നിട്ട് ചിത്രകൂടത്തിലെത്തുന്നതാണ് 296 കിലോമീറ്റര്‍ നീളമുള്ള പാത. ആറുവരിപ്പതിയാക്കാന്‍ സാധിക്കും വിധത്തിലാണ് നിര്‍മാണം.

സലേംപുരിലെ ചിറിയയിലാണ് റോഡില്‍ വലിയ കുഴി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി കുഴിയില്‍ വീണ് രണ്ട് കാറിനും ബൈക്കിനും അപകടം സംഭവിച്ചു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗരയ്യയിലെ അജിത്മാലിലും സമാനമായ കുഴി രൂപപ്പെട്ടു. റോഡ് തകര്‍ന്ന ഭാഗങ്ങള്‍ ഉടന്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയിലെ വ്യവസായ മേഖലകളെയും കാര്‍ഷിക മേഖലകളെയും ബന്ധിപ്പിക്കാനാണ് പാതയെന്നും വ്യാവസായിക ഇടനാഴിയും വികസിപ്പിക്കുമെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കി. കൈത്തറി വ്യവസായം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, സംഭരണ ശാലകള്‍, പാല്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന് എക്സ്പ്രസ് വേ ഉത്തേജകമാകും.

Exit mobile version