വരന്റെ നിറം കറുപ്പ് : അഗ്നിയെ വലം വയ്ക്കുന്നതിനിടെ വിവാഹം വേണ്ടെന്ന് അറിയിച്ച് വധു

Bride | Bignewslive

ഇറ്റാവ : വരന്റെ നിറം കറുപ്പായതിനാല്‍ വിവാഹമുപേക്ഷിച്ച് വധു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഫോട്ടോയില്‍ കണ്ടത് പോലെയല്ല വരനെന്നും ഇയാള്‍ക്ക് നിറം പോരെന്നും കാട്ടി യുവതി മണ്ഡപത്തില്‍ നിന്നിറങ്ങുകയായിരുന്നു. ആചാരപ്രകാരം നടന്ന ഏഴ് തവണ അഗ്നിയെ വലംവയ്ക്കല്‍ ചടങ്ങിനിടെയാണ് വധു ഇഷ്ടക്കേട് അറിയിച്ചത്.

വ്യാഴാഴ്ചയാണ് രവി യാദവ്, നീത യാദവ് എന്നിവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. തന്നെ വേറെ ആരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നാണ് യുവതിയുടെ പക്ഷം. യുവാവ്‌ നല്ല കറുപ്പായതിനാല്‍ തനിക്ക് വിവാഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന് യുവതി പറയുന്നു. പരസ്പരം മാലയിട്ട ശേഷം വലം വയ്ക്കുന്നതിനിടെ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് യുവതി വേദി വിടുകയായിരുന്നു. ബന്ധുക്കള്‍ യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഏകദേശം ആറ് മണിക്കൂറോളം കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താഞ്ഞതോടെ വരന്‍ വിവാഹപ്പാര്‍ട്ടിയുമായി വേദി വിട്ടു. വധുവിന് സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടാന്‍ വരന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version