പുലിസ്റ്റര്‍ ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയ്ക്ക് യാത്രാവിലക്ക്

Sanna | Bignewslive

ന്യൂഡല്‍ഹി : പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തക സന്ന ഇര്‍ഷാദ് മട്ടുവിന് യാത്രാവിലക്ക്. ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സന്നയെ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു.

ഫ്രാന്‍സില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനും ഫോട്ടോ പ്രദര്‍ശനത്തിനും പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കായാണ്‌ സന്ന ഡല്‍ഹിയിലെത്തിയത്. യാത്ര തടഞ്ഞതിന് പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും എന്നാല്‍ അന്താരാഷ്ട്ര യാത്രകള്‍ നടത്താന്‍ തനിക്ക് സാധിക്കില്ലെന്ന് അറിയിച്ചതായും സന്ന ട്വീറ്റ് ചെയ്തു.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റ് ആണ് സന്ന. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ റിപ്പോര്‍ട്ടിംഗിന് ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് സന്നയ്ക്ക് പുലിസ്റ്റര്‍ ലഭിക്കുന്നത്. സന്നയെ വിമാനത്താവളത്തില്‍ തടഞ്ഞതിന് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും ഇതിന് മുമ്പും ഇത്തരത്തില്‍ കശ്മീരി മാധ്യമപ്രവര്‍ത്തകരെ വിമാനത്താവളത്തില്‍ തടഞ്ഞിട്ടുണ്ട്.

2019 സെപ്റ്റംബറില്‍ ജര്‍മനിയിലേക്കുള്ള യാത്രയ്ക്കിടെ കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഗൗഹര്‍ ഗീലാനിയെ സമാന രീതിയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം സാഹിദ് റഫീഖ് എന്ന മാധ്യമപ്രവര്‍ത്തകനെ ജമ്മു കശ്മീര്‍ ഭരണകൂടം യുഎസിലേക്കുള്ള യാത്രയില്‍ നിന്ന് വിലക്കി. മാധ്യമപ്രവര്‍ത്തക റുവ ഷായെയും സമാന രീതിയില്‍ വിലക്കിയിരുന്നു.

Exit mobile version