‘ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരവാദി’ : നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

Nupur Sharma | Bignewslive

ന്യൂഡല്‍ഹി : മുഹമ്മദ് നബിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. നൂപുറിന്റെ വാക്കുകള്‍ രാജ്യത്താകെ തീ പടര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നൂപുര്‍ ആണെന്നും പറഞ്ഞു.

“നൂപുറിന്റെ ചാനല്‍ ചര്‍ച്ച കണ്ടു. നൂപുര്‍ കാര്യങ്ങള്‍ പറഞ്ഞ രീതി വളരെ ലജ്ജാവഹമാണ്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഉദയ്പൂര്‍ കൊലപാതകം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് നൂപുര്‍ ഒരാളാണ് കാരണക്കാരി. അതിനൊക്കെയും നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണം. നൂപുര്‍ എത്ര ധാര്‍ഷ്ട്യക്കാരിയാണെന്ന് അവരുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാം. ഒരു പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാം എന്ന് വിചാരിക്കരുത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ചെന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ചും ആലോചിക്കണം”. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ച് വിമര്‍ശിച്ചു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി നൂപുര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇതേത്തുടര്‍ന്ന് നൂപുര്‍ ഹര്‍ജി പിന്‍വലിച്ചു.

Exit mobile version