മോഡിയുടെ വിദേശയാത്രകള്‍ക്ക് ഇതുവരെ ചെലവായത് 2021 കോടി; സന്ദര്‍ശിച്ചത് 55 രാജ്യങ്ങള്‍

2014ല്‍ അധികാരമേറ്റതു മുതലുള്ള സന്ദര്‍ശനങ്ങള്‍ക്കായാണ് ഇത്രയും ചെലവായത്

ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 2021 കോടി രൂപ. ചാര്‍ട്ടേഡ് വിമാനങ്ങള്‍, വിമാനത്തിന്റെ നടത്തിപ്പു ചെലവ്, ഹോട്ട് ലൈന്‍ സംവിധാനം എന്നിവയ്ക്കായാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് രാജ്യസഭയെ അറിയിച്ചു. 2014ല്‍ അധികാരമേറ്റതു മുതലുള്ള സന്ദര്‍ശനങ്ങള്‍ക്കായാണ് ഇത്രയും ചെലവായത്.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് 429.25 കോടി, അറ്റകുറ്റപ്പണികള്‍ക്ക് 1583.18 കോടി, ഹോട്ട് ലൈന്‍ സംവിധാനത്തിന് 9.11 കോടി എന്നിങ്ങനെയാണ് പണം ചെലവഴിച്ചത്. 48 വിദേശപര്യടനങ്ങളിലായി 55 രാജ്യങ്ങളിലാണ് ഇക്കാലയളവില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ചില രാജ്യങ്ങളിലേക്ക് മോദി ഒന്നിലധികം തവണ യാത്ര ചെയ്തു.

ഇന്ത്യയിലേക്കു നേരിട്ടു വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളിലേക്കായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെന്ന് മന്ത്രി പറഞ്ഞു. മോദി അധികാരമേല്‍ക്കുമ്പോള്‍ 30,930 ദശലക്ഷം യുഎസ് ഡോളറായിരുന്ന നേരിട്ടുള്ള വിദേശനിക്ഷേപം മൂന്നു വര്‍ഷത്തിനുള്ളില്‍ 43,478 ദശലക്ഷം ഡോളറായി ഉയര്‍ന്നെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version