പ്രസവശേഷം നഷ്ടപ്പെട്ട കുഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം പെറ്റമ്മയുടെ കൈകളില്‍

ഗുവാഹട്ടി: പ്രസവശേഷം നഷ്ടപ്പെട്ട കുഞ്ഞിനെ മൂന്ന് വര്‍ഷത്തിന് ശേഷം പെറ്റമ്മയ്ക്ക തിരിച്ചുകിട്ടി. അസമിലെ ബര്‍പേട്ട സ്വദേശിനി നസ്മ ഖാനത്തിനാണ് കോടതി ഇടപെടലിലൂടെ സ്വന്തം കുഞ്ഞിനെ കിട്ടിയത്.

പ്രസവസമയത്തെ സമാന പേരുകളുടെ ആശയക്കുഴപ്പത്തിലാണ് ഇവര്‍ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായത്. ഇവര്‍ക്കൊപ്പം അതേ ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു യുവതിയുടെ കുഞ്ഞാണെന്ന് കരുതി നവജാതശിശുവിനെ മാറിനല്‍കുകയായിരുന്നു.
കുഞ്ഞിനെ മാറി ലഭിച്ച യുവതിയുടെ കുട്ടി പ്രസവത്തില്‍ മരിച്ചിരുന്നു.

മൂന്ന് കൊല്ലം മുമ്പ് ബര്‍പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നസ്മ ഖാനം, നസ്മ ഖാതുന്‍ എന്നീ യുവതികള്‍ ഒരേ സമയത്താണ് പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ നസ്മ ഖാതുന്റെ കുഞ്ഞ് പ്രസവത്തില്‍ മരിച്ചു. എന്നാല്‍ യുവതികളുടെ പേര് മൂലമുണ്ടായ ആശയക്കുഴപ്പത്തില്‍ ആശുപത്രി ജീവനക്കാര്‍ നസ്മ ഖാനത്തിന്റെ കുഞ്ഞിനെ നസ്മ ഖാതുന് നല്‍കുകയായിരുന്നു.

Read Also:മാതാപിതാക്കളുടെ അനുഗ്രഹം തേടി: നയന്‍താരയും വിഘ്‌നേഷും തിരുവല്ലയിലെത്തി

നസ്മ ഖാനം ആരോഗ്യവാനായ കുഞ്ഞിനാണ് ജന്മം നല്‍കിയതെന്ന വാദത്തില്‍ അവരുടെ ബന്ധുക്കള്‍ ഉറച്ചു നിന്നു. നസ്മ ഖാനത്തിന്റെ ബന്ധുക്കള്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് സമാനനാമമുള്ള യുവതികള്‍ ഒരേ സമയം ആശുപത്രിയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബര്‍പേട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസന്വേഷണം ആരംഭിച്ചു.

2020 ഒക്ടോബര്‍ എട്ടിന് ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ യഥാര്‍ഥ അമ്മയെ തിരിച്ചറിയുകയും കുഞ്ഞിനെ കൈമാറാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.

Exit mobile version