പങ്കാളിക്ക് കുട്ടിയെ വേണ്ട : നവജാതശിശുവിനെ വിറ്റ് യുവതി, കിട്ടിയ പൈസയ്ക്ക് ഷോപ്പിംഗും

ഭോപ്പാല്‍ : നവജാതശിശുവിനെ വിറ്റ കേസില്‍ മധ്യപ്രദേശില്‍ യുവതിയും പങ്കാളിയുമുള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍. ഇന്‍ഡോര്‍ സ്വദേശിനിയായ ഷൈന ബി ഇവരുടെ പങ്കാളി ആന്‍ര്‍ സിംഗ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച പൂജ, നീലം, നേഹ, കുഞ്ഞിനെ വാങ്ങിയ ദേവാസ് സ്വദേശി ലീന സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കഴിഞ്ഞ ഒരു വര്‍ഷമായി ആന്റര്‍ സിങ്ങിനൊപ്പമാണ് ഷൈന. ഗര്‍ഭിണിയായതോടെ കുട്ടിയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആന്റര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയെ വില്‍ക്കാന്‍ ഷൈന തീരുമാനിക്കുന്നത്. വീട്ടുടമയായ നേഹയെ സമീപിച്ചപ്പോള്‍ പൂജ, നീലം എന്നിവരുമായി ചേര്‍ന്ന് കുട്ടിയെ വില്‍ക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സംഘത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ 5.5 ലക്ഷം രൂപയ്ക്കാണ് ഷൈന ലീന സിംഗിന് കൈമാറിയത്. ഈ പണമുപയോഗിച്ച് ഷൈനയും ആന്ററും ബൈക്ക്, എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍, ഫ്രിഡ്ജ് എന്നിവ വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമീപം താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അറിയിച്ചത് പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വില്‍പനയുടെ കാര്യം പുറംലോകം അറിയുന്നത്.

യുവതിയും യുവാവും വീട്ടുപകരണങ്ങളും ഇരുചക്രവാഹനവും പുതിയതായി വാങ്ങിയതില്‍ പന്തികേട് തോന്നിയതോടെയാണ് ഇദ്ദേഹം പോലീസിനെ സമീപിക്കുന്നത്. ഷൈന കുഞ്ഞിന് ജന്മം നല്‍കിയിരുന്നെന്നും എന്നാല്‍ നിലവില്‍ കുട്ടി ഇവര്‍ക്കൊപ്പമില്ലെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version