വീട്ടില്‍ മൂന്ന് നേരവും മാഗി : വിവാഹമോചനം നേടി ഭര്‍ത്താവ്

മൈസുരു : ഭാര്യ മൂന്ന് നേരവും വീട്ടില്‍ മാഗി മാത്രം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്. മാട്രിമോണിയല്‍ കേസുകളെ കുറിച്ച് സംസാരിക്കവേ മൈസുരു പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എംഎല്‍ രഘുനാഥാണ് ഇത്തരമൊരു കേസിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

“മാഗി നൂഡില്‍സ് അല്ലാതെ മറ്റൊന്നും ഭാര്യയ്ക്ക് ഉണ്ടാക്കാനറിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വിശദീകരണം. പ്രഭാതഭക്ഷണത്തിനും ഉച്ചയ്ക്കും അത്താഴത്തിനുമെല്ലാം നൂഡില്‍സ് ആണ് ഭാര്യ ഉണ്ടാക്കിയിരുന്നത്. പെട്ടന്ന് തയ്യാറാക്കാമെന്നതിനാല്‍ ഇന്‍സ്റ്റന്റ് നൂഡില്‍സുകള്‍ വീട്ടിലിവര്‍ വാങ്ങി വയ്ക്കുമായിരുന്നു. നൂഡില്‍സ് കഴിച്ച് മടുത്തതോടെ ഇയാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി. ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയും ചെയ്തു”. ജഡ്ജി പറഞ്ഞു. മാഗി കേസ് എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നപരിഹാരം ബുദ്ധിമുട്ടേറിയ കാര്യമാണെന്നറിയിച്ച ജഡ്ജി മിക്കവരും കുട്ടികളുടെ ഭാവിയെ ഓര്‍ത്താണ് ബന്ധം തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി. “വികാരപരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് തീര്‍ക്കാനാണ് മിക്കപ്പോഴും ശ്രമിക്കുക. 800 കേസുകളെത്തുന്നതില്‍ 20 കേസുകള്‍ ഒക്കെയാവും ഇത്തരത്തില്‍ പരിഹരിക്കപ്പെടുക. ശാരീരിക പ്രശ്‌നങ്ങളെക്കാള്‍ മാനസിക പ്രശ്‌നങ്ങളാണ് മിക്ക കേസുകളിലും സംഭവിക്കുന്നത്. മുമ്പത്തെ ലോക് അദാലത്തില്‍ 110 ഡിവോഴ്‌സ് കേസുകളുണ്ടായതില്‍ 32 കേസുകളിലാണ് ദമ്പതികള്‍ ഒന്നിച്ചത്”.

“ഡിവോഴ്‌സ് കേസുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവാഹമോചനം തേടുന്നതിന് മുമ്പ് ദമ്പതികള്‍ ഒരു വര്‍ഷം ഒന്നിച്ച് താമസിക്കണം എന്ന നിയമമില്ലായിരുന്നുവെങ്കില്‍ കല്യാണ മണ്ഡപത്തില്‍ നിന്ന് തന്നെ ഡിവോഴ്‌സ് ഫയല്‍ ചെയ്യുമായിരുന്നു. കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ ഡിവോഴ്‌സ് തേടിയ കേസുകളുണ്ടായിട്ടുണ്ട്. പങ്കാളി സംസാരിക്കുന്നില്ല, കറിയില്‍ ഉപ്പ് കൂടി, ഭാര്യയെ പുറത്ത് കൊണ്ടുപോകുന്നില്ല എന്നിങ്ങനെയൊക്കെയാണ് കാരണങ്ങള്‍”. ജഡ്ജി അറിയിച്ചു.

അറേഞ്ച്ഡ് മാര്യേജിലും പ്രണയവിവാഹങ്ങളിലും ഡിവോഴ്‌സ് നടക്കാറുണ്ടെന്നറിയിച്ച ജഡ്ജി ആദ്യത്തേത് അറിയാതെ പാമ്പ് കടിക്കുന്നതാണെങ്കില്‍ രണ്ടാമത്തേത് പാമ്പിനെക്കൊണ്ട് മനപ്പൂര്‍വ്വം കടിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ നിന്നാണ് വിവാഹമോചന ഹര്‍ജികള്‍ കൂടുതലായും ലഭിക്കുന്നത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരും സാമ്പത്തികമായി സ്വതന്ത്രരുമായതിനാലാണ് ഇതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

Exit mobile version