വയലിൽ കളിക്കുന്നതിനിടെ പട്ടിയോടിച്ചു, 300 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ കുട്ടിയെ പുറത്തെടുത്തത് 9 മണിക്കൂറിന് ശേഷം; കാത്തിരുന്നത് ദുരന്തവാർത്ത

അമൃത്സർ: രാജ്യത്ത് വീണ്ടും കുഴൽക്കിണറിൽ വീണുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞു.പഞ്ചാബിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 9 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൊശിയാർപുറിലെ ഗഡ്രിവാല ഗ്രാമത്തിൽനിന്നുള്ള റിതിക് റോഷൻ എന്ന ആറുവയസുകാരനാണ് സർക്കാർ ആശുപത്രിയിൽവെച്ച് മരിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ മകനാണ് റിതിക് റോഷൻ.

സമാന്തരമായി തുരങ്കം കുഴിച്ച് ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് രക്ഷപെടുത്തിയത്. വയലിൽ കളിക്കുന്നതിനിടയിൽ റിതികിനെ തെരുവു നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുകയും ഭയന്നോടുന്നതിനിടയിൽ ചാക്കുകൊണ്ട് മൂടിയ കുഴൽ കിണറിൽ വീഴുകയുമായിരുന്നു എന്നാണ് വിവരം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ALSO READ- നൗഷാദിന്റെ കൈപുണ്യവും സ്‌നേഹവും വിളമ്പാൻ ഇനി മകൾ നഷ്‌വ; ‘ബിഗ് ഷെഫ്’ രുചി പെരുമയുടെ അമരത്തേക്ക് 13കാരി

കുട്ടിയെ ക്ലിപ് ഉപയോഗിച്ച് കുഴൽക്കിണറിൽ നിന്ന് പുറത്തെത്തിക്കാൻ തുടക്കത്തിൽ ശ്രമിച്ചുവെങ്കിലും കൂടുതൽ താഴേക്ക് പോയത് കൂടുതൽ സങ്കടത്തിനിടയാക്കി. രക്ഷാപ്രവർത്തകർ കുഴൽകിണറിലേക്ക് ഓക്സിജൻ നൽകിയിരുന്നെങ്കിലും കുട്ടി ബോധരഹിതനായി. കുഴൽക്കിണറിന് സമാന്തരമായി തുരങ്കം കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം.

Exit mobile version