ഭാര്യ അയച്ച വിസ നിഷേധിക്കപ്പെട്ടു : കല്യാണ ബ്രോക്കറുടെ മകനെ തട്ടിയെടുത്ത് യുവാവ്

സംഗ്‌രൂര്‍ : യുകെയില്‍ പഠനത്തിന് പോയ ഭാര്യ അയച്ച വിസ നിഷേധിക്കപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് കല്യാണ ബ്രോക്കറുടെ മകനെ തട്ടിയെടുത്തു. പഞ്ചാബിലെ സാംഗ്‌രൂര്‍ സ്വദേശിയായ ഹരിന്ദര്‍ സിംഗ് (26) ആണ് വിവാഹം നടത്തിയ ദല്ലാളുടെ മകനായ കരണ്‍ബീര്‍ സിങ്ങിനെ തട്ടിക്കൊണ്ട് പോയത്. വിവാഹത്തിനും ഭാര്യയുടെ പഠനത്തിനുമായി ചിലവായ തുക ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ട് പോകല്‍.

മൂന്ന് വര്‍ഷം മുമ്പായിരുന്നു ദല്ലാള്‍ ലഖ്‌വിന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ ഹരീന്ദറിന്റെ വിവാഹം. കല്യാണ ശേഷം ഏറെ പണം ചിലവിട്ട് ഭാര്യയെ പഠനവിസയില്‍ യുകെയില്‍ അയച്ചു. അവിടെയെത്തിയ ശേഷം ഹരീന്ദറിനും വിസ അയയ്ക്കാമെന്ന ധാരണയിലായിരുന്നു നീക്കം. എന്നാല്‍ രണ്ട് തവണ ഇതിന് ശ്രമിച്ചെങ്കിലും വിസ നിഷേധിക്കപ്പെട്ടു. ഇതോടെയായിരുന്നു ദല്ലാളിനെതിരെ തിരിഞ്ഞത്. ബുധനാഴ്ച രാത്രി കരണ്‍ബീര്‍ വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ വെച്ച് ഇയാള്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഭാര്യയ്ക്ക് യുകെയില്‍ പഠനത്തിനും ഇവരുടെ വിവാഹത്തിനുമായി ചിലവായ 26 ലക്ഷം രൂപ തരണമെന്ന് ലഖ്‌വിന്ദറിനോട് ഫോണിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ലഖ്‌വിന്ദറും കുടുംബവും നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ച പോലീസ് മണിക്കൂറുകള്‍ക്കകം തന്നെ കരണ്‍ബീറിനെ കണ്ടെത്തിയെങ്കിലും ഹരീന്ദര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇത്തരം കരാറുകളേര്‍പ്പെടുന്ന വിവാഹങ്ങള്‍ സ്ഥിരമായിരിക്കുകയാണ് പഞ്ചാബില്‍. മികച്ച ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത യുവാക്കള്‍ സ്പൗസ് വിസ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിദേശത്ത് പഠിക്കാന്‍ അര്‍ഹതയുള്ള യുവതികളെ തേടിപ്പിടിച്ച് വിവാഹം കഴിക്കുന്നതാണ് രീതി. ഇത് മൂലം ഭര്‍ത്താവിനുള്ള വിസ സംഘടിപ്പിക്കാന്‍ പെണ്‍കുട്ടികളുടെ മേല്‍ സമ്മര്‍ദവുമേറുന്നു.

Exit mobile version