പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവ് കോടതികെട്ടിടത്തിൽ നിന്നും ചാടി മരിച്ചു; ജീവനൊടുക്കിയത് പോലീസിനെ കബളിപ്പിച്ച്

ബംഗളൂരു: ഒന്നരയും അഞ്ചും വയസ്സുള്ള പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളിയുവാവ് പോലീസിനെ വെട്ടിച്ച് ആത്മഹത്യ ചെയ്തു. കോടതിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. ബംഗളൂരുവിലെ ഹുളിമാവ് അക്ഷയനഗറിൽ താമസിച്ച പാലക്കാട് കരിപ്പാളി പുഴക്കൽ വീട്ടിൽ ജിതിൻ രാജൻ (37) ആണ് മരിച്ചത്.

പോലീസ് റിമാൻഡിൽ കഴിയുന്ന ജിതിനെ ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പോലീസിന്റെ പിടിവിട്ട് ഓടിയ ജിതിൻ, കോടതിക്കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് ചാടുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

2004 മുതൽ ജിതിൻ ബംഗളൂരുവിലാണ്. 2013-ലാണ് സോഫ്റ്റ്‌വെയർ എഞ്ചിനിയറായ ലക്ഷ്മി ശങ്കരിയെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാൾ ജോലിക്കുപോയിരുന്നില്ലെന്നും ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

ALSO READ- ‘ഞാൻ ജയിലിലായിരുന്ന 27 ദിവസം അവൾ അടുക്കളയിലായിരുന്നു കഴിഞ്ഞത്, കഴിച്ചത് മോശമായ ഭക്ഷണം’ ഭാര്യ ഭുവനേശ്വരിയുടെ പിന്തുണയെക്കുറിച്ച് ശ്രീശാന്ത് മനസു തുറക്കുന്നു

കുടുംബവഴക്കിനെ തുടർന്നാണ് ഇയാൾ ഒന്നരവയസ്സുള്ള മകൻ ശാസ്ത, അഞ്ചുവയസ്സുള്ള മകൾ തൗഷിണി എന്നിവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കേസിൽ 2020 മാർച്ചിലാണ് ഇയാൾ അറസ്റ്റിലായി. ഭാര്യ തമിഴ്‌നാട് വിരുതനഗർ സ്വദേശിനി ലക്ഷ്മി ശങ്കരി ജോലിക്കുപോയ സമയത്തായിരുന്നു കൊലപാതകം.

Exit mobile version