പൊതുസ്ഥലത്ത് ആര്‍എസ്എസിന് ശാഖ നടത്താം, പിന്നെ എന്തുകൊണ്ട് നിസ്‌കരിച്ചൂടാ….? പോലീസിന്റെ ‘പരിഷ്‌കാരത്തെ’ ചോദ്യം ചെയ്ത് മാര്‍ക്കണ്ഡേയ കട്ജു

ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമര്‍ശനം.

ലഖ്‌നൗ: പൊതുസ്ഥലത്ത് നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ആര്‍എസ്എസ്എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കാരം നടത്തിക്കൂടാ എന്ന് അദ്ദേഹം തുറന്നടിച്ച് ചോദിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമര്‍ശനം.

പോലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്നും അദ്ദേഹം കുറിച്ചു. ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ പോലീസ് നടപടിയെ അങ്ങേയറ്റം ശക്തമായി എതിര്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍എസ്എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീംങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?’ ‘നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.’ അദ്ദേഹം പറയുന്നു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാര്‍ക്ക് പോലുള്ള പൊതുയിടങ്ങളില്‍ നിസ്‌കരിക്കുന്നത് വിലക്കി പോലീസ് ഉത്തരവിറക്കിയിരുന്നു. തൊഴിലാളികള്‍ (ജീവനക്കാര്‍) വിലക്ക് ലംഘിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം അതാത് കമ്പനികള്‍ക്ക് ആയിരിക്കുമെന്നുമായിരുന്നു ഉത്തരവ്.

Exit mobile version