കർഷക സമരത്തിന് പിന്നിൽ ചൈന; ഇന്ത്യ-യുഎസ് ബന്ധം ചൈനയ്ക്ക് നീരസമുണ്ടാക്കി; മൂന്നാം മോഡി സർക്കാരിനെ തടയൽ ലക്ഷ്യം: മാർക്കണ്ഡേയ കട്ജു

ന്യൂഡൽഹി: കർഷക സംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിലേക്ക് നടത്തുന്ന മാർച്ച് ചൈനയുടെ പിന്തുണയോടെ ആണെന്ന ആരോപണവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. കർഷകർ നടത്തുന്ന സമരത്തിന് പിന്നിൽ ചൈനീസ് ഇടപെടലുണ്ട്. മോഡിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ മൂന്നാംതവണയും അധികാരത്തിലെത്തുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും കട്ജു തന്റെ ലേഖനത്തിൽ ആരോപിച്ചു.

അമേരിക്കൻ അനുകൂല ബിജെപി വീണ്ടും അധികാരത്തിൽ വരുന്നതിനെ ചൈന പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം വരുന്ന കർഷകരെ സമരരംഗത്തിറക്കുന്നതിനേക്കാൾ മികച്ച മാർഗം വേറെന്തുണ്ട്? അതാണ് ഇപ്പോൾ നടക്കുന്നതെന്നും ജസ്റ്റിസ് കട്ജു ആരോപിക്കുന്നു.

പാർലമെൻറ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പഞ്ചാബിലെ കർഷകർ വീണ്ടുംസമരവുമായി വന്നിരിക്കുകയാണ്. സംയുക്ത കിസാൻ മോർച്ചയും മറ്റ് സംഘടനകളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ, ഈ സംഘടനകൾക്ക് പിന്നിൽ ആരാണെന്നത് ഉത്തരം തേടേണ്ട ചോദ്യമാണെന്നാണ് ജസ്റ്റിസ് കട്ജു പറയുന്നത്.

ചൈനയാണ് കർഷക സമരത്തിന് പിന്നിൽ. ഈ വാദത്തിന് പ്രത്യക്ഷ തെളിവുകളില്ലെങ്കിലും യുക്തിസഹമായ സാഹചര്യത്തെളിവുകൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്ത്യയും യുഎസും തമ്മിലെ കൂട്ടുകെട്ട് ചൈനക്ക് നീരസമുണ്ടാക്കിയെന്നും കട്ജു ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ALSO READ- ചുട്ടുപൊള്ളി കേരളം; ചൂട് ഇനിയും ഉയരും! മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

അതേസമയം, വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയും ഗ്യാൻവാപി, മഥുര ശാഹി പള്ളികളിലെ സംഭവവികാസങ്ങളുമെല്ലാം ബിജെപിയുടെ മൂന്നാം സർക്കാരിന് അടിത്തറയിടുന്നതാണ്.

ഇന്ത്യയിലെ ഈ സാഹചര്യം ചൈനക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. ബിജെപിയെ കടുത്ത അമേരിക്കൻ അനുകൂല പാർട്ടിയായാണ് ചൈന കാണുന്നത്. ഇതാണ് കർഷക പ്രക്ഷോഭം നയിക്കുന്ന ഗ്രൂപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ചൈനയാണെന്ന് താൻ ഊഹിക്കാൻ കാരണമെന്ന് ജസ്റ്റിസ് കട്ജു വിശദീകരിച്ചു.

Exit mobile version