രണ്ട് വർഷമായി സൈനിക റിക്രൂട്ട്‌മെന്റ് നടത്തുന്നില്ല; രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് ഓടി യുവാവിന്റെ പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിട്ടും സൈനിക റിക്രൂട്ട്മെന്റ് നടത്താത്തതിൽ പ്രതിഷേധിച്ച് യുവാവിന്റെ വ്യത്യസ്തമായ പ്രതിഷേധം. രാജസ്ഥാനിലെ സിക്കാറിൽ നിന്ന് ന്യൂഡൽഹി വരെ ഓടിയാണ് യുവാവ് പ്രതിഷേധിച്ചത്. 350 കിലോമീറ്റർ ദൂരമാണ് 24കാരനായ സുരേഷ് ബിച്ചാർ ഓടിയത്.

പുലർച്ചെ നാല് മാണിക്ക് ആരംഭിച്ച ഓട്ടം രാവിലെ 11 മണിക്ക് ഒരു പെട്രോൾ പമ്പിൽ എത്തുന്നത് വരെ തുടർന്നു. അവിടെ ചിലർ തനിക്ക് ഭക്ഷണവും വെള്ളവും നൽകിയെന്നും യുവാവ് പറയുന്നു. ദേശീയപാതയിലൂടെ സുരേഷ് ബിച്ചാർ ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

also read- കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി തർക്കം; വീഡിയോ പ്രചരിച്ചതിന് എതിരെ ബാലവകാശ കമ്മീഷനെ സമീപിച്ച് പിതാവ്

സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ ജന്തർ മന്ദിറിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായാണ് സുരേഷ് ഇത്രയും ദൂരം ഓടിയെത്തിയത്. ‘ഞാൻ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നു, എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഒരു റിക്രൂട്ട്മെന്റ് പോലും നടന്നിട്ടില്ല. സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടും അതിനുള്ള റിക്രൂട്ട്മെന്റ് പോലും നടത്താത്തതിൽ പ്രതിഷേധിക്കുന്നവർക്കുള്ള ഐക്യദാർഢ്യം കൂടിയാണ് തന്റെ പ്രതിഷേധം’- യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version