സച്ചിന്‍ പൈലറ്റില്‍ നിന്നും പ്രധാന വകുപ്പുകള്‍ കൈയ്യിലാക്കി അശോക് ഗെഹ് ലോട്ട്

ആഭ്യന്തരം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് ഗെഹ്ലോട്ടിന്

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റില്‍ നിന്നും പ്രധാനപ്പെട്ട വകുപ്പുകളും കൈപ്പിടിയിലൊതുക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇന്നലെ രാത്രി നടന്ന മന്ത്രിസഭാ വകുപ്പു വിഭജനത്തില്‍ പ്രധാനപ്പെട്ട ധനകാര്യം, ആഭ്യന്തരം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് ഗെഹ്ലോട്ടിന്.

സച്ചിന്‍ പൈലറ്റിനാകട്ടെ, പൊതുമരാമത്ത്, ഗ്രാമീണ വികസനം, പഞ്ചായത്തീ രാജ്, സയന്‍സ് ആന്‍ഡ് ടെക്നാളജി എന്നീ വകുപ്പുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇരുവര്‍ക്കും പുറമെ 13 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് രാജസ്ഥാന്‍ മന്ത്രിസഭയിലുള്ളത്.

ധനകാര്യത്തിനും ആഭ്യന്തരത്തിനും പുറമെ എക്സൈസ്, ആസൂത്രണം, പേഴ്സണല്‍ ആന്‍ഡ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ വകുപ്പുകളും ഗെഹ്ലോട്ടിനാണ്. മന്ത്രിമാരെ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വകുപ്പുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം അവസാനിച്ചിരുന്നില്ല. ഒടുവില്‍ ഗെഹ്ലോട്ടിനെയും പൈലറ്റിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Exit mobile version